‘ഇവിടെ ഒന്നും കിട്ടിയില്ല’; നിയമസഭാസദ്യ കിട്ടാതെ സ്പീക്കറും; 1300 പേര്‍ക്ക് ഒരുക്കിയ സദ്യ 800 പേര്‍ കഴിച്ചപ്പോൾ തീർന്നു

തിരുവനന്തപുരം: കേരള നിയമസഭാ ജീവനക്കാർക്കായി സ്പീക്കർ ഒരുക്കിയ ഓണസദ്യ പകുതിയോളം പേർക്കു വിളമ്പിയപ്പോൾ തീർന്നു. സദ്യയുണ്ണാൻ എത്തിയ സ്പീക്കർ എ.എൻ.ഷംസീറും പഴ്സനൽ സ്റ്റാഫും 20 മിനിറ്റോളം കാത്തിരുന്നിട്ടും സദ്യ കിട്ടിയില്ല. ഒടുവിൽ പായസവും പഴവും മാത്രം കഴിച്ച് സ്പീക്കറും സംഘവും മടങ്ങി.

1300 പേർക്കായി ഒരുക്കിയ ഓണസദ്യയാണ് 800 പേർക്കു മാത്രം വിളമ്പി അവസാനിപ്പിച്ചത്. മുൻപ് ജീവനക്കാർ പിരിവെടുത്താണു നിയമസഭയിൽ ഓണാഘോഷം സംഘടിപ്പിച്ചിരുന്നത്. എന്നാൽ, ഇത്തവണ ഓണസദ്യ സർക്കാർ ചെലവിൽ നടത്താൻ സ്പീക്കർ തീരുമാനിക്കുകയായിരുന്നു. 1,300 പേർക്ക് ഓണസദ്യ നൽകാനായി ക്വട്ടേഷൻ വിളിച്ചു. കാട്ടാക്കട മുതിയാവിളയിലെ കേറ്ററിങ് ഏജൻസി ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയതിനാൽ ക്വട്ടേഷൻ അവർക്കു നൽകി.

400 പേർക്ക് ഇരിക്കാവുന്ന ഹാളിലാണ് സദ്യ വിളമ്പിയത്. ആദ്യത്തെ പന്തിയിൽ എല്ലാവർക്കും സദ്യ ലഭിച്ചു. എന്നാൽ, രണ്ടാമത്തെ പന്തിയിൽ പകുതിപ്പേർക്ക് വിളമ്പിയപ്പോൾ തീർന്നു. ഇതേ സമയത്താണ് സ്പീക്കറും സംഘവും എത്തിയത്. ഇവർക്കായി കസേര ക്രമീകരിച്ച് ഇലയിട്ടെങ്കിലും 20 മിനിറ്റോളം കാത്തിരുന്നിട്ടും സദ്യ എത്തിയില്ല. തുടർന്ന് സദ്യ കഴിച്ചു കൊണ്ടിരുന്നവരുടെ ഭാഗത്തു നിന്നു പായസവും പഴവും എത്തിച്ചുനൽകി. രണ്ടും കഴിച്ച് സ്പീക്കറും സംഘവും ഹാൾ‌ വിട്ടു. രണ്ടാം പന്തിയിൽ കാത്തിരുന്ന ബാക്കിയുള്ളവർക്ക് എവിടെ നിന്നോ ചോറും ഏതാനും കറികളും എത്തിച്ചു നൽകി. അതോടെ ഓണസദ്യ അവസാനിച്ചു.

പുറത്ത് കാത്തുനിന്ന അഞ്ഞൂറോളം പേർ ഇന്ത്യൻ കോഫി ഹൗസിലും മറ്റും പോയാണ് വിശപ്പടക്കിയത്. സദ്യ അലങ്കോലമായതിനെക്കുറിച്ച് അന്വേഷിക്കാൻ സ്പീക്കർ നിർദേശിച്ചിട്ടുണ്ട്. നിയമസഭാ ജീവനക്കാർക്കും വാച്ച് ആൻഡ് വാർഡിനും ഇ–സഭയുടെ ചുമതലയുള്ള കരാർ ജീവനക്കാർക്കുമായാണ് ഓണാഘോഷം സംഘടിപ്പിച്ചത്. കലാകായിക മത്സരങ്ങളും അത്തപ്പൂക്കള മത്സരവും അരങ്ങേറി.

More Stories from this section

family-dental
witywide