മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ ടീമിനു ശമ്പളം പ്രതിമാസം 75000 രൂപ; കരാര്‍ കാലാവധി വീണ്ടും നീട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വെബ്‌സൈറ്റും സോഷ്യല്‍ മീഡിയ ഹാന്റിലുകളും പരിപാലിക്കുന്ന പന്ത്രണ്ടംഗ ടീമിന്റെ കരാര്‍ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി ഉത്തരവായി. നേരത്തെ 2022 മെയ് 16 മുതല്‍ ആറ് മാസത്തേക്കായിരുന്നു ഇവര്‍ക്ക് നിയമനം നല്‍കിയത്. പിന്നീട് 2022 നവംബര്‍ 15 ന് കാലാവധി അവസാനിച്ചപ്പോള്‍ ഒരു വര്‍ഷത്തേക്ക് കാലാവധി നീട്ടുകയുമായിരുന്നു. 2023 നവംബര്‍ 15 ന് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഇവര്‍ക്ക് 2024 നവംബര്‍ 15 വരെ വീണ്ടും ഒരു വര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടി നല്‍കിയത്.

വെബ്‌സൈറ്റിന്റെയും സോഷ്യല്‍ മീഡിയയുടേയും തുടര്‍ പരിപാലനം അനിവാര്യമെന്ന പരാമര്‍ശത്തോടെയാണ് കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് മുതല്‍ ടീം ലീഡര്‍ വരെയുള്ള 12 അംഗ സംഘത്തിന്റെ കരാര്‍ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി നല്‍കിയിരിക്കുന്നത്. പന്ത്രണ്ടു പേര്‍ക്ക് ശമ്പളത്തിനു മാത്രമായി പ്രതിമാസം 6.67 ലക്ഷം രൂപയാണ് ചെലവാകുന്നത്. ടീം ലീഡര്‍ ടി മുഹമ്മദ് യഹിയയുടെ പ്രതിമാസ ശമ്പളം 75000 രൂപയാണ്. കണ്ടന്റ് മാനേജര്‍ സുദീപ് ജെ സലീമിന് 70000 രൂപയാണ് ശമ്പളം.

സീനിയര്‍ വെബ് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍കെ സന്ദീപ്, സോഷ്യല്‍ മീഡിയ കോഡിനേറ്റര്‍ ആര്‍ വിഷ്ണു, കണ്ടന്റ് സ്ട്രാറ്റജിസ്റ്റ് ഷഫീഖ് സല്‍മാന്‍ കെ എന്നിവര്‍ക്ക് 65000 രൂപ വീതമാണ് പ്രതിഫലം. ഡെലിവറി മാനേജര്‍ പിപി അജിത്തിന് 56000 രൂപയും റിസര്‍ച്ച് ഫെലോ ജി ജിതിന് 53000 രൂപയും കണ്ടന്റ് ഡെവലപ്പര്‍ അമല്‍ ദാസിനും കണ്ടന്റ് അഗ്രഗേറ്റര്‍ രജീഷ് ലാല്‍ എന്നിവര്‍ക്കും 53000 രൂപ വീതവും ശമ്പളം ലഭിക്കും. ഡാറ്റ റിപോസിറ്ററി മാനേജര്‍മാരായ പിവി ജയകുമാറിനും എസ് ശൈലേഷ് കുമാറിനും 45000 രൂപയാണ് സാലറി. കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് പി വൈശാഖിന്റെ സാലറി പ്രതിമാസം 22290 രൂപയാണ്.

Also Read

More Stories from this section

family-dental
witywide