തിരുവനന്തപുരം: അധ്യാപികയുടെ നിര്‍ദേശപ്രകാരം സഹപാഠികള്‍ ചേര്‍ന്നു തല്ലിയ യുപിയിലെ മുസാഫര്‍നഗര്‍ സ്വദേശി ബാലനെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത് കേരള വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ബാലനെ കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് ദത്തെടുത്ത് പഠിപ്പിച്ചുകൊള്ളാമെന്നാണ് മന്ത്രി അറിയിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ക്ക് സമ്മതമാണെങ്കില്‍ ഇവിടേക്കു വരാം. ട്രാന്‍സ്ഫര്‍ സേര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമൊന്നുമില്ല. സംഭവത്തില്‍ പ്രതിഷേധം അറിയിച്ചുകൊണ്ട് മന്ത്രി കഴിഞ്ഞ ദിവസം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തും എഴുതിയിരുന്നു.
യുപിയിലെ മുസാഫര്‍നഗറിലെ സ്വകാര്യ സ്കൂളിലെ രണ്ടാം ക്ളാസ് വിദ്യാര്‍ഥിയായ ഒരു മുസ്ലിം ബാലനെ അതേ ക്ളാസിലെ മറ്റ് മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളോട് തല്ലാന്‍ തൃപ്തി ത്യാഗി എന്ന അധ്യാപിക ആവശ്യപ്പെടുകയും കുട്ടികള്‍ തല്ലുകയും ചെയ്തു. കുട്ടി നിലവിളിക്കുന്നതിന്റെയടക്കം വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. എന്നാല്‍ ഗൃഹപാഠം ചെയ്യാത്തതിനാലാണ് കുട്ടിയെ അടിച്ചതെന്നും വികലാംഗയായതിനാല്‍ തനിക്ക് അടിക്കാന്‍ പറ്റാത്തതിനാലാണ് കുട്ടികളെകൊണ്ട് തല്ലിച്ചതെന്നുമായിരുന്നു ടീച്ചറുടെ വാദം. കുട്ടികളില്‍ വിദ്വേഷത്തിന്റെ വിത്ത് പാകുന്ന തരത്തിലുള്ള ടീച്ചറുടെ നടപടിക്ക് എതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
എന്നാല്‍ താന്‍ ചെയ്തതില്‍ ഒരു നാണക്കേടുമില്ലെന്നും ഗ്രാമത്തിലെ ജനം മുഴുവന്‍ തനിക്കൊപ്പമുണ്ടെന്നും അധ്യാപിക പറഞ്ഞു. രാജ്യത്ത് നിയമങ്ങളൊക്കെ കാണും.എന്നാല്‍ സ്കൂളിലെ കുട്ടികളെ നിയന്ത്രിക്കേണ്ടത് ഇങ്ങനെതന്നെയാണ് എന്നാണ് ടീച്ചറുടെ ഇപ്പോഴത്തെ നിലപാട്.