
കേരളത്തിലെ ഒരു കര്‍ഷകന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ‘വെറൈറ്റി ഫാര്‍മര്‍’ എന്ന പേരില്‍ യുട്യൂബ്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുള്ള സുജിത് എസ്.പി എന്ന കര്‍ഷകനാണ് ഈ വീഡിയോയിലുള്ളത്. തന്റെ ഔഡി കാറില്‍ ചീര വില്‍ക്കാന്‍ സുജിത് അങ്ങാടിയിലെത്തുന്നതും ആളുകള്‍ സുജിത്തില്‍ നിന്ന് ചീര വാങ്ങുന്നതുമാണ് വീഡിയോയില്‍ കാണിക്കുന്നത്.
വീഡിയോയിൽ ആദ്യം കാണുന്നത് സുജിത്ത് ചീര പറിച്ചെടുക്കുന്നതാണ്. പിന്നീട് അദ്ദേഹം സ്റ്റൈലിൽ തന്റെ ഓഡി കാറിൽ വന്നിറങ്ങുന്നു. പിന്നാലെ ഉടുത്തിരിക്കുന്ന മുണ്ടൊക്കെ മാറ്റി ഷോർട്ട്‍സിൽ നിൽക്കുന്നതാണ് കാണുന്നത്. ശേഷം ചെരുപ്പഴിച്ച് വയ്ക്കുന്നു. പിന്നാലെ, അവിടെ നിർത്തിയിട്ടിരിക്കുന്ന വാഹനത്തിൽ നിന്നും തന്റെ ചീരക്കെട്ട് എടുക്കുകയും വഴിയരികിൽ സുജിത്ത് നേരത്തെ വിരിച്ചിരിക്കുന്ന മാറ്റിൽ വച്ച ശേഷം അവ വിൽക്കാൻ തയ്യാറാവുകയും ചെയ്യുന്നു.
‘ഓഡി കാറിൽ പോയി ചീര വിറ്റപ്പോൾ’ എന്ന് സുജിത്ത് തന്റെ ഇൻസ്റ്റഗ്രാം വീഡിയോയ്ക്ക് കാപ്ഷനും നൽകിയിട്ടുണ്ട്. ചീരയെല്ലാം വിറ്റ് തീർന്നപ്പോൾ പഴയത് പോലെ തന്നെ മാറ്റും മടക്കി നിർത്തിയിട്ടിരിക്കുന്ന ഓട്ടോയിൽ വയ്ക്കുന്നു. പിന്നാലെ, മുണ്ടും ചെരിപ്പും ഒക്കെ ധരിച്ച് വന്നത് പോലെ തന്നെ തന്റെ ഓഡി കാറിൽ കയറുകയും തിരികെ പോവുകയും ചെയ്യുകയാണ്.