
കൊച്ചി: സംസ്ഥാനത്തെ ബസ്സുകളില്‍ സുരക്ഷാ ക്യാമറ ഘടിപ്പിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഇറക്കിയ സര്‍ക്കുലറാണ് കോടതി സ്റ്റേ ചെയ്തത്. ഈ മാസം ഒന്ന് മുതല്‍ നിര്‍ബന്ധമാക്കിയ നിര്‍ദേശത്തിനാണ് സ്റ്റേ. സെപ്റ്റംബര്‍ 30നകം സംസ്ഥാനത്തെ ബസ്സുകളില്‍ ക്യാമറ ഘടിപ്പിക്കണമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്.
നിലവാരമുള്ള ക്യാമറകളുടെ ലഭ്യതക്കുറവ് പരിഗണിച്ച് സമയം നീട്ടി നല്‍കണമെന്ന കെഎസ്ആര്‍ടിസിയുടെയും വാഹന ഉടമകളുടെയും അഭ്യര്‍ഥന പരിഗണിച്ച് ഇത് പിന്നീട് ഒക്ടോബര്‍ 31വരെ നീട്ടി നല്‍കിയിരുന്നു. ബസില്‍നിന്ന് റോഡിന്റെ മുന്‍വശവും അകവും കാണാവുന്ന തരത്തില്‍ രണ്ടു ക്യാമറ സ്ഥാപിക്കണമെന്നായിരുന്നു നിര്‍ദേശം. ക്യാമറ വാങ്ങാനുള്ള തുകയുടെ പകുതി സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റി വഹിക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി കേന്ദ്ര നിയമത്തിന് വിരുദ്ധമായാണ് സര്‍ക്കുലര്‍ എന്ന് ചൂണ്ടിക്കാട്ടിയാണ് സ്റ്റേ അനുവദിച്ചത്. സുരക്ഷാ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് സര്‍ക്കാര്‍ വാദിച്ചെങ്കിലും കോടതി വഴങ്ങിയില്ല. സംസ്ഥാനത്തിന് ഇത്തരത്തില്‍ ഒരു തീരുമാനമെടുക്കാനുള്ള അധികാരമില്ലെന്നായിരുന്നു കോടതി വിലയിരുത്തല്‍. വാഹനാപകടങ്ങള്‍ നിയന്ത്രിക്കുവാന്‍ ബസുകളുടെ അകത്തും പുറത്തും കാമറ സ്ഥാപിക്കണമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദേശിച്ചത്.











