ചെന്നൈ: കേരളത്തിന് രണ്ടാമത് വന്ദേഭാരത് അനുവദിച്ച് റെയില്‍വേ. ഡിസൈനിലും നിറത്തിലും മാറ്റം വരുത്തിയ റേക്ക് ഇന്ന് അർധരാത്രിയോടെ മംഗലാപുരത്തേക്ക് പുറപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.
എട്ട് കോച്ചുകളുള്ള ട്രെയിൻ ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽനിന്ന് സതേൺ റെയിൽവേയ്ക്ക് കൈമാറുമെന്നാണ് വിവരം. പാലക്കാട് ഡിവിഷനാണ് ഈ റേക്ക് അനുവദിച്ചിരിക്കുന്നത്. ഇത് മംഗലാപുരത്തേക്കാണ് കൊണ്ടുപോകുക. മംഗലാപുരത്തുനിന്ന് ഗോവ, എറണാകുളം, തിരുവനന്തപുരം, കോയമ്പത്തൂർ എന്നീ റൂട്ടുകളിൽ ഒന്നാണ് പരിഗണിക്കുന്നത്. ദക്ഷിണ റെയിൽവേ ബോർഡ് ആണ് റൂട്ട് തീരുമാനിക്കുക.
പ്രധാനപ്പെട്ട രണ്ട് വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കാമെന്ന ആശയം മുന്‍നിര്‍ത്തി ഗോവ-എറണാകുളം റൂട്ടും ദക്ഷിണ റെയിൽവേ പരിഗണിച്ചിരുന്നു. എന്നാൽ, ഒരു റേക്ക് ഉപയോഗിച്ച് ഈ സർവീസ് പ്രായോഗികമാവില്ലെന്ന വിലയിരുത്തലിനെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.
രാവിലെ തിരുവനന്തപുരത്ത് നിന്ന് കാസര്‍കോടെത്തി രാത്രി മടങ്ങിയെത്തുന്നതാണ് നിലവിലെ സര്‍വീസ്. സംസ്ഥാനത്തിന് രണ്ടാമത്തെ ട്രെയിന്‍ ഓണത്തോട് അനുബന്ധിച്ച് അനുവദിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. രണ്ടാമത് വന്ദേഭാരത് അനുവദിക്കുന്നതിന് മുന്നോടിയായി ലോക്കോ പൈലറ്റുമാര്‍ക്കുള്‍പ്പെടെയുള്ള പരിശീലനം ചെന്നൈയില്‍ നേരത്തെ ആരംഭിച്ചിരുന്നു.
Summary: Kerala receives the second Vande Bharat train