മൽസരപ്പൂരമൊരുക്കി കെടിസി ഓണാഘോഷം

ഹാമിൽട്ടൺ: കാനഡയിലെ മലയാളികളുടെ പ്രമുഖ തൊഴിലാളി സംഘടനകളിലൊന്നായ കേരള ട്രക്കേഴ്സ് ഇൻ കാനഡയുടെ ഓണാഘോഷം ‘കെടിസി പൊന്നോണം 2023’ വിവിധ മൽസരങ്ങളും കലാപരിപാടികളും ഓണസദ്യയുമൊക്കെയായി നടത്തി. അത്തപ്പൂക്കളം, ചെണ്ടമേളം, തിരുവാതിര കളി മത്സരം, മലയാളി മങ്ക മത്സരം, ഫ്യൂഷൻ ഡാൻസ് മത്സരം, ലക്കി ഡ്രോ തുടങ്ങിയവയും പങ്കെടുത്ത അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികളുമായിരുന്നു പ്രത്യേകത. അലങ്കാര കല്ലുകൾകൊണ്ടു ഒരുക്കിയ കമേർഷ്യൽ ട്രക്കിന്റെ രൂപത്തിലുള്ള പൂക്കളം ശ്രദ്ധേയമായി.

തിരുവാതിരകളി മത്സരത്തിൽ ടീം ധ്വനി (ഗ്ലാഡിയേറ്റേഴ്സ്) ഒന്നാം സ്ഥാനം (2500 ഡോളർ) നേടി. ടീം മുദ്ര( ഓർമ്മ), ടീം നാട്യാഞ്ജലി എന്നിവർ യഥാക്രമം രണ്ടും (1000 ഡോളർ) മൂന്നും (500 ഡോളർ) സമ്മാനങ്ങൾ നേടി. മുഖ്യസ്പോൺസർകൂടിയായ റിയൽറ്റർ സാംസ്ൺ ആന്റണി, ലോയർ ക്രിസ് ലാമണ്ണിൽ, റൈറ്റ് വേ എഡ്യൂ വേൾഡ് എന്നിവരാണ് സമ്മാനങ്ങൾ നൽകിയത്.

മലയാളി മങ്ക മത്സരത്തിൽ സൗമ്യ സജി ഒന്നാം സ്ഥാനവും ചിപ്പി ജോയ് രണ്ടാം സ്ഥാനംവും നേടി. അംബിക ജ്വല്ലറിയായിരുന്നു സ്പോൺസർമാർ. വിജയികൾക്കുള്ള സമ്മാനങ്ങൾ കെടിസി അംഗങ്ങളുടെ മാതാപിതാക്കൾ നൽകി. ഫ്യൂഷൻ ഡാൻസ് കോമ്പറ്റീഷനിൽ കാനഡയിലെ പ്രമുഖരായ ഒൻപത് ടീമുകൾ മാറ്റുരച്ചപ്പോൾ ഒന്നാം സമ്മാനമായ 3000 ഡോളറും ട്രോഫിയും ഷാഡോ എന്റർടൈൻമെന്റ് നേടി. രണ്ടാം സമ്മാനമായ 1500 ഡോളറും ട്രോഫിയും ഡി സ്ക്വാഡ് നേടിയപ്പോൾ മൂന്നാം സ്ഥാനം ടീം അപ്സരാസ് നേടി. സ്പോൺസർ ട്രിനിറ്റി ഗ്രൂപ്പ് ഉടമ ബോബൻ ജെയിംസ് സമ്മാനദാനം നിർവഹിച്ചു.

സമ്മേളനത്തിൽ കെടിസി പ്രസിഡന്റ് സെബി ജോസഫ് അധ്യക്ഷത വഹിച്ചു. ബോർഡ് അംഗം അനിൽ രവീന്ദ്രൻ, സെക്രട്ടറി ശ്രീ മാത്യു ജേക്കബ് എന്നിവർ പ്രസംഗിച്ചു. ബോർഡ് അംഗങ്ങളായ മാത്യു അഗസ്റ്റിൻ, സൽജൻ പി ജോൺ, ബിൻസ് ജോയ്, അനിൽകുമാർ വൈറ്റില, ജിത്തു ജോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ.