
തൃശ്ശൂര്‍: തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ നാടകീയ രംഗങ്ങള്‍ക്ക് സാക്ഷിയായി വിദ്യാര്‍ത്ഥികള്‍. ആദ്യ തവണ വോട്ടെണ്ണിയപ്പോള്‍ കെഎസ്‌യുവിനായിരുന്നു വിജയമെങ്കില്‍ റീകൗണ്ടിംഗില്‍ വിജയം എസ്എഫ്‌ഐക്കൊപ്പമായി. ആദ്യ വോട്ടെണ്ണലില്‍ കെഎസ്‌യു സ്ഥാനാര്‍ഥി ശ്രീക്കുട്ടന്‍ ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയമുറപ്പിച്ചപ്പോള്‍ 41 വര്‍ഷത്തെ ചരിത്രമാണ് തിരുത്തപ്പെട്ടത്. കേരള വര്‍മ്മ കോളേജിന്റെ 41 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് കെഎസ്യു വിജയം നേടുന്നത്.
എന്നാല്‍ വിജയം അംഗീകരിക്കാതെ എസ്എഫ്‌ഐ റീകൗണ്ടിംഗ് ആവശ്യപ്പെടുകയായിരുന്നു. റീകൗണ്ടിങ്ങില്‍ എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥിയായ അനിരുദ്ധന്‍ 11 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ചെയര്‍മാനായി വിജയിച്ചു. ആദ്യത്തെ റിസല്‍ട്ടിനു പിന്നാലെ ആഘോഷങ്ങള്‍ക്ക് തിരി കൊളുത്തിയ കെഎസ്‌യു അംഗങ്ങള്‍ക്ക് എസ്എഫ്‌ഐയുടെ റീകൗണ്ടിംഗിലെ വിജയം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. റീകൗണ്ടിങ്ങില്‍ അട്ടിമറി നടന്നെന്ന് ആരോപിച്ച കെഎസ്‌യു, കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.
അതേസമയം കാലിക്കറ്റ് സര്‍വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ കാലങ്ങളായി ജയിച്ചിരുന്ന പല കോളേജുകളും കെഎസ്‌യു പിടിച്ചെടുത്തു. പാലക്കാട് വിക്ടോറിയ കോളേജില്‍ 23 വര്‍ഷത്തിനു ശേഷവും പട്ടാമ്പി ഗവണ്‍മെന്റ് കോളേജില്‍ 42 വര്‍ഷത്തിനു ശേഷവും കോഴിക്കോട് ഗൂരുവായൂരപ്പന്‍ കോളജില്‍ 28 വര്‍ഷത്തിന് ശേഷവും കെഎസ് യു ജയിച്ചു. മഞ്ചേരി എന്‍എസ്എസ് കോളജും നീണ്ട കാലയളവിന് ശേഷം കെഎസ്‌യുവിന് കിട്ടി.













