
മലയാളികളുടെ ഒരു സ്വകാര്യ അഹങ്കാരമാണ് ഷെയ്ഖ് ഹസൻ ഖാൻ. പർവതങ്ങളുടെ കൂട്ടുകാരൻ. മരുന്നിനു പോലും മഞ്ഞ് പെയ്യാത്ത മലയാളക്കരയിൽ നിന്ന് പോയി തൻ്റെ കൈയൊപ്പ് അൻ്റാട്ടിക്കയിലെ മഞ്ഞുമലകളിൽ മായാതെ ചാർത്തിയിരിക്കുകയാണ് ഈ പന്തളങ്കാരൻ. തണുത്തുറഞ്ഞ അൻ്റാർട്ടിക്കയിലെ ഏറ്റവും ഉയരമുള്ളകൊടുമുടിയും ലോകത്തിലെ തന്നെ ആറാമത്തെ ഉയരമുള്ള കൊടുമുടിയുമായ മൌണ്ട് വിൻസൻ കീഴടക്കി ഹസൻ ഖാൻ.
കഴിഞ്ഞ മേയ് മാസത്തിൽ എവറസ്റ്റ് കീഴടക്കി ഇന്ത്യൻ പാതക പാറിച്ച ഹസൻ്റെ കൊടുമുടി കയറ്റങ്ങൾ അവിടെ അവസാനിച്ചില്ല. ഡിസംബർ 12 രാത്രി 8. 40 നാണ് വിൻസൻ കൊടുമുടിയുടെ നെറുകയിൽ അയാൾ കാലുറപ്പിച്ചു നിന്ന് ഇന്ത്യൻ പതാക അവിടെ പാറിച്ചത്. എന്നാൽ തിരിച്ചിറങ്ങും വഴി ഫ്രോസ്റ്റ്ബൈറ്റ് മൂലം കൈകൾക്ക് പരുക്കേറ്റിട്ടുണ്ട്. അദ്ദേഹം ബേസ് ക്യാംപിലെത്തി ചികിൽസയിലാണ്.
മലയാളിയായ ഈ പർവതാരോഹകൻ വലിയ ഒരു നേട്ടംകൂടിയാണ് ഇത്. മുമ്പ് ഇയാൾ എവറസ്റ്റും അതിനു മുമ്പ് ആഫ്രിക്കയിലെ കിളിമഞ്ജാരോയും വടക്കേ അമേരിക്കയിലെ മൌണ്ട് ദനാലിയും കീഴടക്കിയിരുന്നു. സെക്രട്ടേറിയറ്റിൽ ധനകാര്യ വകുപ്പിൽ സീനിയർ ഗ്രേഡ് അസിസ്റ്റൻ്റാണ് ഷെയ്ഖ് ഹസൻ ഖാൻ. മുമ്പ് ഡൽഹി കേരള ഹൌസിൽ അസിസ്റ്റൻ്റ് ലെയ്സൺ ഓഫിസറായും ജോലി ചെയ്തിട്ടുണ്ട്. ലോകത്തുള്ള 196 രാജ്യങ്ങളിലേയും ഏറ്റവും ഉയരമുള്ള കൊടുമുടികൾ കീഴടക്കുക എന്നതാണ് ഹസൻ്റെ ലക്ഷ്യം. അന്റാർട്ടിക്കയിൽ നിന്ന് ഹസൻ പോകുന്നത് ചിലെയിലേക്കാണ്. അതിനു ശേഷം അർജൻ്റീന . വിജയങ്ങളുടെ കൊടുമുടികൾ ഓരോന്നായി ചവിട്ടിക്കയറി ലോകത്തിന്റെ നെറുകയിൽ എത്തിയിരിക്കുകയാണ് ഇയാൾ. അയാളുടെ യാത്രകൾ സഫലമാകട്ടെ.
Kerala’s Shaikh Hassan Khan now scales Mount Vinson in Antarctica











