‘നിജ്ജാറിനെ കൊന്നത് നിങ്ങളാണ്’: യുഎസിലെ ഗുരുദ്വാരയിലെത്തിയ ഇന്ത്യൻ അംബാസഡറെ ഖലിസ്ഥാൻ വാദികൾ തടഞ്ഞു

ന്യൂയോർക്കിലെ ഗുരുദ്വാര സന്ദർശിക്കാനെത്തിയ അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ തരഞ്ജിത് സിങ് സന്ധുവിനെ ഖലിസ്ഥാൻ വാദികൾ തടഞ്ഞു. ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാർ കാനഡയിൽ കൊല്ലപ്പെട്ടതിലും ഗുർപട്വന്ത്സിങ് പന്നുവിനെതിരായ നടപടികളിലും പ്രതിഷേധിച്ചായിരുന്നു അംബാസഡറെ തടഞ്ഞത്. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നിജ്ജാറിൻ്റെ കൊലപാതകത്തിന്റെ ഉത്തരവാദി നിങ്ങളാണ്, പന്നുവിനെ വധിക്കാൻ നിങ്ങൾ ആസൂത്രണം നടത്തി എന്നിങ്ങനെ ആൾക്കൂട്ടം ബഹളം വയ്ക്കുന്നത് വിഡിയോയിൽ വ്യക്തമാണ്. ലോങ് ഐലൻഡിലെ ഹിക്സ്വിൽ ഗുരുദ്വാരയിൽ ഞായറാഴ്ച പ്രാർഥനയ്ക്ക് എത്തിയതായിരുന്നു സന്ധു. ഗുരുദ്വാരയ്ക്കു സമീപം വലിയ പ്രതിഷേധമാണ് നടന്നത്.

നേരത്തേ ബ്രിട്ടനിലെ ഗ്ളാസ്കോയിലെ ഒരു ഗുരുദ്വാരയ്ക്ക സമീപവും സമാന രീതിയിൽ പ്രതിഷേധം അരങ്ങേറിയിരുന്നു. ഇന്ത്യൻ അംബാസഡറുടെ വാഹനം തടയുകയും പ്രതിഷേധിച്ച് മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു. ബിജെപി വക്താവ് വി.കെ. സിങ്ങാണ് എക്സിൽ ഇതു സംബന്ധിച്ച കുറിപ്പ് പങ്കുവച്ചത്. സന്ധു ഈ സംഭവത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

ബ്രിട്ടിഷ് കൊളംബിയയിലെ ഒരു ഗുരുദ്വാരയ്ക്ക് സമീപം ഖലിസ്ഥാൻവാദി നേതാവ് ഹർദീപ് സിങ്ങ് നിജ്ജാർ കൊല്ലപ്പെട്ടതിൽ ഇന്ത്യയ്ക്ക് പങ്കുണ്ട് എന്ന് കാനഡയുടെ പ്ര ധാനമന്ത്രി ആരോപണം ഉന്നയിച്ചതിനെ തുടർന്ന് ഇന്ത്യ – കാനഡ ബന്ധം വഷളായിരുന്നു. ആരോപണം ഇന്ത്യ നിഷേധിക്കുകയും ചെയ്തു. മറ്റൊരു ഖലിസ്ഥാൻ വാദി നേതാവ് ഗുർപട്വന്ത് സിങ് പന്നുവിനെ അമേരിക്കയിൽ വച്ച് വധിക്കാൻ ഇന്ത്യ പദ്ധതി ഇട്ടിരുന്നു എന്നും അത് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി തകർത്തു എന്നുമുള്ള വാർത്ത വന്നിരുന്നു. ഇത്തരം നടപടികളിൽ അമേരിക്ക ഇന്ത്യയോട് വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ ഇന്ത്യ മറുപടി പറഞ്ഞിട്ടില്ല.

Khalistan Protesters heckle Indian envoy visiting US Gurudwara

More Stories from this section

family-dental
witywide