നീലം വർമയ്ക്ക് ക്രിമിനൽ പശ്ചാത്തലമില്ല, അവരെ വിട്ടയക്കമെന്ന് സംയുക്ത കിസാൻ മോർച്ച ഖാപ് പഞ്ചായത്ത്

പാർലമെൻ്റ് സുരക്ഷാ ലംഘന സംഭവത്തിൽ പ്രതി നീലം വർമയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹരിയാനയിലെ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിലെ ഖാപ് പഞ്ചായത്ത്. ഇന്നലെ ജിന്ദ് ജില്ലയിലെ ഉച്ചനയിൽ പഞ്ചായത്ത് വിളിച്ചുചേർത്തതിന് പിന്നാലെയാണ് ആവശ്യം ഉയർത്തിയത്. കേസിൽ യുഎപിഎ പ്രകാരമാണ് പ്രതികൾക്കെതിരെ കുറ്റം ചുമത്തിയിട്ടുള്ളത്.

37 കാരിയായ നീലം വർമയെ പോലീസ് കസ്റ്റഡിയിൽ നിന്ന് മോചിപ്പിക്കുക, എഫ്‌ഐആറിൽ രജിസ്റ്റർ ചെയ്ത യുഎപിഎ വകുപ്പുകൾ ഒഴിവാക്കുക, മാധ്യമങ്ങളുടെ ന്യായമായ കവറേജ് എന്നിവ ആവശ്യപ്പെട്ട് ഖാപ് പഞ്ചായത്ത് മൂന്ന് പ്രമേയങ്ങൾ പാസാക്കി. ജിന്ദിലെ ഗാസോ ഖുർദ് ഗ്രാമത്തിൽ നിന്നുള്ളയാളാണ് നീലം വർമ്മയെന്നും തൊഴിലില്ലായ്മ പ്രശ്‌നം ഉന്നയിക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും എച്ച്എസ്‌കെഎം നേതാവ് ആസാദ് പൽവ യോഗത്തിൽ വ്യക്തമാക്കി.

കഴിഞ്ഞ ബുധനാഴചയാണ് പാർലമെന്റിലെ ശൂന്യവേളയില്‍ സാഗര്‍ ശര്‍മ, ഡി മനോരഞ്ജൻ എന്നിവർ സന്ദര്‍ശക ഗാലറിയില്‍ നിന്ന് സഭയുടെ നടുത്തളത്തിലേക്കും എംപിമാര്‍ക്കിടയിലേക്കും ചാടിയത്. പ്രതിഷേധക്കാര്‍ അംഗങ്ങള്‍ ഇരിക്കുന്നിടത്ത് കളര്‍ സ്പ്രേ പ്രയോഗിച്ചു. അമോല്‍ ഷിന്‍ഡെ, നീലം ദേവി എന്നിവർ പുറത്ത് പ്രതിഷേധിക്കുകയായിരുന്നു. ഇവർക്ക് ആവശ്യമായ നിര്‍ദേശങ്ങളും സഹായങ്ങളും നല്‍കിയ വിശാല്‍ ശര്‍മ എന്ന അഞ്ചാമനെ ഗുരുഗ്രാമില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന ലളിത് ഝാ എന്നയാളും കീഴടങ്ങിയിട്ടുണ്ട്.

മണിപ്പൂരിലെ സ്ഥിതിഗതികൾ, വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, കർഷകരുടെ ദുരവസ്ഥ എന്നിവ ഉയർത്തിക്കാട്ടുകയായിരുന്നു “പുകമറ പ്രതിഷേധ”ത്തിന്റെ ലക്ഷ്യമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. ഈ വിഷയങ്ങളിൽ പാർലമെന്റിൽ ചർച്ച നടത്തണമെന്ന് സംഘം ആഗ്രഹിച്ചു. അതിനായാണ് ഇത്തരത്തിലുള്ള ഒരു പ്രതിഷേധം തിരഞ്ഞെടുത്തത്. ഭഗത് സിങ്ങിൽ നിന്നാണ് ലളിത് ഝാ പ്രചോദനം ഉൾക്കൊണ്ടതെന്ന് പോലീസ് അറിയിച്ചു. പ്രതികൾ പാർലമെന്റിന് പുറത്ത് മഞ്ഞപുക പടർത്തി നടത്തിയ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച്, അവയ്ക്ക് മാധ്യമ കവറേജ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഒരു എൻ‌ജി‌ഒ സ്ഥാപകന് കൈമാറിയിരുന്നതായും പോലീസ് പറഞ്ഞു.

khap Panchayat demands to freed Neelam Varma

More Stories from this section

family-dental
witywide