
ഹ്യൂസ്റ്റൺ: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച് എൻഎ) യുടെ 12ാം ലോക കൺവൻഷൻ “അശ്വമേധം 2023” നവംബർ 23,24, 25 തീയതികളിൽ ഹിൽട്ടൻ അമേരിക്കാസിൽ നടക്കും. അമേരിക്കയിലും ഇന്ത്യയിലുമുള്ള പ്രമുഖ വ്യക്തികൾ ഉൾപ്പെടെ 2000 പ്രതിനിധികൾ കൺവൻഷനിൽ പങ്കെടുക്കും. പാലക്കാട്ട് വേരുകളുള്ള റിപ്പബ്ളിക്കൻ പ്രസിഡൻ്റ് സ്ഥാനാർഥി വിവേക് രാമസ്വാമി കൺവൻഷൻ ഉദ്ഘാടനം ചെയ്യുമെന്ന് കെഎച്ച്എൻഎ പ്രസിഡൻ്റ് ജി.കെ. പിള്ള പത്രസമ്മേളനത്തിൽ അറിയിച്ചു.
കൺവൻഷൻ ചെയർമാൻ ഡോ. രജ്ഞിത് പിള്ള, കൺവീനർ അശോകൻ കേശവൻ, മീഡിയ ചെയർ അനിൽ ആറന്മുള, ട്രസ്റ്റി ബോർഡ് വൈസ്ചെയർമാൻ സോമരാജൻ നായർ, ഡയറക്ടർ ബോർഡ് അംഗം ഡോ. ബിജു പിള്ള എന്നിവർ പത്രസമ്മേളനത്തിൽ സന്നിഹിതരായിരുന്നു. കെഎച്ച്എൻഎയുടെ വിപുലമായ പ്രവർത്തനങ്ങളെ കുറിച്ചും ഇവർ വിശദീകരിച്ചു.
വേദ പണ്ഡിതനും അദ്വൈത ആശ്രമ സ്ഥാപകനുമായ സ്വാമി ചിദാനന്ദപുരി, ശിവഗിരി മഠം പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദ, ചെങ്കോട്ടുകോണം മഠാധിപതി ശ്രീശക്തി ശാന്താനന്ദ എന്നിവർ കൺവൻഷന് നേതൃത്വം നൽകും.
ഐഎസ്ആർഒ ചെയർമാനും ഇന്ത്യയുടെ ചന്ദ്രയാൻ ദൌത്യ സാരഥിയുമായ എസ്. സോമനാഥ്, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, മിസോറാം മുൻ ഗവർണറും ബിജെപി നേതാവുമായ കുമ്മനം രാജശേഖരൻ, ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞനും പത്മഭൂഷൺ ജേതാവുമായ നമ്പി നാരായണൻ, ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി, എഴുത്തുകാരനും സിനിമ മേഖലയിലെ ബഹുമുഖ പ്രതിഭയുമായ ശ്രീകുമാരൻ തമ്പി, തിരുവിതാംകൂർ രാജകുടുംബാംഗം ഗൌരി പാർവതിഭായി, നടനും ഇത്തവണത്തെ ഭരത് അവാർഡ് ജേതാവുമായ ആർ. മാധവൻ, പ്രജ്ഞ പ്രവാഹ് ദേശീയ കൺവീനർ ജെ. നന്ദകുമാർ, പ്രശസ്ത കലോപാസകൻ സൂര്യ കൃഷ്ണമൂർത്തി, സിനിമാ താരങ്ങളായ നരേൻ, ആശാ ശരത്, പദ്മപ്രിയ, രചന നാരായണൻകുട്ടി, ലക്ഷ്മി ഗോപാലസ്വാമി, പ്രിയങ്ക നായർ, ദേവനന്ദ, മതിർന്ന പത്രപ്രവർത്തകൻ പി. ശ്രീകുമാർ, മേളകലാകാരൻ കലാമണ്ഡലം ശിവദാസ്, തിരക്കഥാകൃത്ത് സുനീഷ് വരനാട്, എന്നിവർ മുഖ്യ അതിഥികളായി പങ്കെടുക്കും.
നവംബർ 23 ന് പുലർച്ചെ പൊങ്കാലയോടെയാണ് കൺവൻഷൻ ചടങ്ങുകൾക്ക് തുടക്കമാവുക. ആറ്റുകാൽ തന്ത്രി തെക്കേടത്ത് കുഴിക്കാട്ടിൽ ഇല്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീ മീനാക്ഷി ക്ഷേത്ര പണ്ടാര അടുപ്പിൽ തീ പകർന്ന് പൊങ്കാലയ്ക്ക് ആരംഭം കുറിക്കും. മുന്നൂറോളം സ്ത്രീകൾ പൊങ്കാല ഉൽസവത്തിൻ്റെ ഭാഗമാകും. അമ്മമാരുടെ “മൈഥിലി മാ” എന്ന പരിപാടിയും നടക്കും. അമ്മമാരുടെ ലളിതാ സഹസ്രനാമയജ്ഞം ഒരു കോടി തികയ്ക്കുന്ന ചടങ്ങാണ് ഇത്. വൈകിട്ട് ഡൌൺടൌണിൽ നടക്കുന്ന വർണശബളമായ ഘോഷയാത്രയോടെ ഉദ്ഘാടന ചടങ്ങുകൾ തുടങ്ങും . നിരവധി നിശ്ചല ദ്യശ്യങ്ങൾ ഘോഷയാത്രയിലുണ്ടാവും. തുടർന്ന് ഉദ്ഘാടന സമ്മേളനം.
തുടർന്നുള്ള ദിവസങ്ങളിലും അത്യാകർഷകവും പ്രൌഡോജ്ജ്വലവുമായ സാംസ്കാരിക പരിപാടികൾ വേദിയെ ധന്യമാക്കും. സൂര്യ കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിലുള്ള സൂര്യ ഫെസ്റ്റിവൽ, നടൻ ആർ. മാധവൻ സർഗസൃഷ്ടി നിർവഹിക്കുന്ന ജാനകി എന്ന നൃത്തകലാശില്പം എന്നിവ പരിപാടിയുടെ രാജ്യാന്തര നിലവാരത്തിന് ഉദാഹരണങ്ങളാണ്. മംഗല്യസൂത്ര എന്ന പരിപാടിയും നടക്കും. പകൽപ്പൂരങ്ങളും ആഘോഷപരിപാടികളും ഈ സമ്മേളനത്തെ ഹൈന്ദവ സംസ്കാരവും പാരമ്പര്യവും ഉയർത്തിപ്പിടിക്കുന്ന ഒരു മഹാ ഉൽസവമാക്കി മാറ്റും.
KHNA convention to be held on 23,24, 25 of November at Houston