
കഞ്ചിക്കോട്: പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ടിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന അതിഥി തൊഴിലാളിയുടെ മൂന്ന് വയസുകാരനായ മകനെ തട്ടിക്കൊണ്ടു പോവാൻ ശ്രമം. കുട്ടിയുമായി കഞ്ചിക്കോട് റെയിൽവേ സ്‌റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെ തമിഴ്നാട് സേലം സ്വദേശി സെന്തിൽ കുമാറിനെ ഓട്ടോറിക്ഷ ഡ്രൈവർമാരും നാട്ടുകാരും ചേർന്ന് പിടികൂടി വാളയാർ പൊലീസിന് കൈമാറി.
ഉത്തർപ്രദേശ് സ്വദേശികളായ ഖുർഷിത്തിന്റെയും സൽമയുടെയും മകനെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. കഞ്ചിക്കോടുനിന്ന് കുട്ടിയുമായി സെന്തില്‍കുമാര്‍ ഓട്ടോറിക്ഷയില്‍ കയറുമ്പോള്‍ സംശയം തോന്നിയ ഡ്രൈവര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് തട്ടിക്കൊണ്ടുപോകല്‍ ശ്രമമാണെന്ന് വ്യക്തമായത്. പിന്നീട് കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറി.
കഞ്ചിക്കോട് ഇരുമ്പുരുക്ക് കമ്പനി തൊഴിലാളിയായ ഖുർഷിത്തും കുടുംബവും 10 വർഷത്തോളമായി അതിഥിത്തൊഴിലാളികളുടെ കോളനിയായ കഞ്ചിക്കോട് കിഴക്കുമുറിയിലെ വാടക വീട്ടിലാണു താമസിച്ചിരുന്നത്. ഉച്ചയ്ക്കു ശേഷം കിഴക്കുമുറിയിലെത്തിയ സെന്തിൽകുമാർ മണിക്കൂറുകളോളം ഇവിടെ നിലയുറപ്പിച്ചു. വീട്ടുമുറ്റത്തു കളിച്ചുക്കൊണ്ടിരുന്ന കുട്ടിക്ക് ആദ്യം ചോക്ലേറ്റ് നൽകി. ആളുകളുടെ ശ്രദ്ധ മാറിയെന്ന് ഉറപ്പാക്കി കുട്ടിയുടെ കൈപിടിച്ചു നടന്നു നീങ്ങുകയായിരുന്നു.