കൊലയാളികൾക്ക് കാനഡയിൽ പോയി സുഖമായി ജീവിക്കാം; വിമര്‍ശനവുമായി ബംഗ്ലാദേശ് മന്ത്രി

ന്യൂഡൽഹി: കൊലയാളികൾക്ക് കാനഡ അഭയം നൽകുന്നുവെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ.കെ.അബ്ദുൽ മൊമെൻ. കൊലയാളികള്‍ക്ക് കാനഡയിലേക്ക് പോകാമെന്നും അവിടെ അഭയം പ്രാപിച്ച് സുഖകരമായ ജീവിതം നയിക്കാമെന്നും മൊമെൻ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ വേദനയിൽ കഴിയുമ്പോൾ കൊലയാളികൾക്ക് കാനഡയിൽ സുഖജീവിതമാണെന്നും അദ്ദേഹം പറഞ്ഞു.

“കൊലയാളികൾക്ക് കാനഡയിൽ പോയി അഭയം പ്രാപിക്കാം. അവർ കൊലപ്പെടുത്തിയവരുടെ ബന്ധുക്കൾ കഷ്ടപ്പെടുമ്പോൾ അവർക്ക് അവിടെ പോയി നല്ല ജീവിതം നയിക്കാൻ കഴിയും,” മൊമെൻ ഒരു ടിവി അഭിമുഖത്തിൽ പറഞ്ഞു.

ബംഗ്ലാദേശ് സ്ഥാപകൻ ഷെയ്ഖ് മുജീബുർ റഹ്മാന്റെ കൊലയാളി കാനഡയിൽ കഴിയുന്നത് സംബന്ധിക്കുന്ന ചോദ്യത്തിലാണ് അദ്ദേഹത്തിന്റെ മറുപടി.

“അവർ കാനഡയിൽ വളരെ സുഖമായി ജീവിക്കുകയാണ്. മുജീബുർ റഹ്മാനെ വധിച്ചുവെന്ന് കുറ്റം സമ്മതിച്ച കൊലയാളിയെ ബംഗ്ലാദേശിന് കൈമാറണമെന്ന് കാനഡയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് കേൾക്കാൻ തയാറായില്ല. ഞങ്ങൾ കാനഡയിലെ കോടതിയിൽ വരെ പോയി കാര്യങ്ങൾ അവതരിപ്പിക്കുന്നതിന് ശ്രമിച്ചു. കാനഡ കൊലയാളികളുടെ കേന്ദ്രമായി മാറരുത്. ഇത്തരക്കാരെ കൈമാറണമെന്ന് ഞങ്ങൾ നിരന്തരം ആവശ്യപ്പെട്ടു. എല്ലാ കാര്യങ്ങളും അവർക്ക് അറിയാം. എന്നാൽ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാൻ പോലും അവർ തയാറായില്ല,” മൊമെൻ പറഞ്ഞു.

ഭീകരരുടെ സുരക്ഷിത താവളമായി കാനഡ മാറിയെന്നും പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തെളിവില്ലാത്ത ആരോപണങ്ങളാണ് ഇന്ത്യയ്ക്കെതിരെ ഉന്നയിക്കുന്നതെന്നും ശ്രീലങ്കൻ വിദേശകാര്യമന്ത്രി അലി സാബ്രി കുറ്റപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കാനഡയെ കുറ്റപ്പെടുത്തി ബംഗ്ലാദേശും രംഗത്തെത്തിയത്.

More Stories from this section

family-dental
witywide