ഡല്‍ഹി മദ്യനയക്കേസ്: അടുത്തത് സൂത്രധാരന്റെ ഊഴമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍, പരാമര്‍ശം കെജ്‌രിവാളിനെയെന്ന് അഭ്യൂഹം

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസിന്റെ സൂത്രധാരന്‍ ഇപ്പോഴും പുറത്താണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പൂരിലെ സ്വാമി വിവേകാനന്ദ എയര്‍പോര്‍ട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അഴിമതിയുടെ സൂത്രധാരന്‍ ഇപ്പോഴും പുറത്തുണ്ടെന്നും, അദ്ദേഹത്തിന്റെ ഊഴം അടുത്തു വരുമെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞത്.

അതേസമയം അനുരാഗ് ഠാക്കൂറിന്റെ പരാമര്‍ശം മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ഉദ്ദേശിച്ചുള്ളതാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ‘അഴിമതിക്കെതിരെ ഇന്ത്യ’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നതെന്നും എന്നാല്‍ അവര്‍ ഇപ്പോള്‍ അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞിരുന്നു. ഇതോടൊപ്പം അഴിമതിയുടെ സൂത്രധാരന്റെ ഊഴം അടുത്തുവരികയാണെന്നും ഠാക്കൂര്‍ പറഞ്ഞത് കൂട്ടിവായിച്ചാണ് ഈ പരാമര്‍ശം അരവിന്ദ് കെജ്‌രിവാളിനെക്കുറിച്ചാണെന്ന അഭ്യൂഹമുയരുന്നത്.

മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയേയും എഎപി എംപി സഞ്ജയ് സിങ്ങിനേയും അറസ്റ്റ് ചെയ്തിരുന്നു. പത്ത് മണിക്കൂറോളം നീണ്ട റെയ്ഡിനും ചോദ്യം ചെയ്യലിനും ശേഷമാണ് ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ എംപി സഞ്ജയ് സിംഗിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. സഞ്ജയ് സിംഗിന്റെ ദില്ലിയിലെ വീട്ടില്‍ ഇന്നലെ രാവിലെ ഏഴ് മണി മുതല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് തുടങ്ങിയിരുന്നു. അറസ്റ്റിലായ മൂന്നാമത്തെ എഎപി നേതാവാണ് 51കാരനായ സിംഗ്.

2020ല്‍ മദ്യശാലകള്‍ക്കും വ്യാപാരികള്‍ക്കും ലൈസന്‍സ് നല്‍കാനുള്ള ദില്ലി സര്‍ക്കാരിന്റെ തീരുമാനത്തില്‍ സഞ്ജയ് സിംഗിനും പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാക്കി, അഴിമതി വിരുദ്ധ നിയമങ്ങള്‍ ലംഘിച്ചു എന്നിങ്ങനെയാണ് സഞ്ജയ് സിംഗിനെതിരായ ആരോപണങ്ങള്‍.

Anurag Thakur