
കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷന്‍ ആയ തൃപ്പൂണിത്തുറ സ്റ്റേഷന്റെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലേക്ക് കടക്കുന്നു. എസ് എന്‍ ജംഗ്ഷനില്‍ നിന്ന് തൃപ്പൂണിത്തുറ സ്റ്റേഷന്‍ വരെ 1.18 കിലോമീറ്ററിന്റെ നിര്‍മ്മാണമാണ് നിലവില്‍ അവസാനഘട്ടത്തിലെത്തിയിരിക്കുന്നത്.
എസ്.എന്‍ ജംഗ്ഷനില്‍ നിന്ന് തൃപ്പൂണിത്തുറ സ്റ്റേഷന്‍ വരെയുള്ള പരീക്ഷണയോട്ടം ഇന്ന് രാത്രി 11.30 ന് ആരംഭിക്കും. സ്റ്റേഷന്റെയും വയഡക്റ്റിന്റെയും നിര്‍മ്മാണം പൂര്‍ത്തിയായി. സിഗ്‌നലിംഗ്, ടെലികോം, ട്രാക്ഷന്‍ ജോലികളും പൂര്‍ത്തിയായിക്കഴിഞ്ഞു. ഇവയുടെയും ട്രയല്‍ റണ്‍ ഉടന്‍ ആരംഭിക്കും.
ഓപ്പണ്‍ വെബ് ഗിര്‍ഡര്‍ സാങ്കേതിക വിദ്യ കൊച്ചി മെട്രോയില്‍ ആദ്യമായി ഉപയോഗിച്ചത് എസ്.എന്‍ ജംഗ്ഷന്‍- തൃപ്പൂണിത്തുറ സ്റ്റേഷന്‍ വരെയുള്ള 60 മീറ്റര്‍ മേഖലയിലാണ്.
ആലുവ മുതല്‍ തൃപ്പൂണിത്തുറ സ്റ്റേഷന്‍ വരെ 25 സ്റ്റേഷനുകളുമായി 28.125 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തില്‍ പിന്നിടുക.