
തിരുവനന്തപുരം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ചാത്തന്നൂർ സ്വദേശികളായ പദ്മകുമാർ, ഭാര്യ അനിത, മകൾ അനുപമ എന്നിവരാണ് പിടിയിലായത്. ഇന്ന് ഉച്ചയോടെ കേരള – തമിഴ്‌നാട് അതിര്‍ത്തിയിലെ തെങ്കാശിക്ക് സമീപമുള്ള പുളിയറയില്‍നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ അടൂരിലുള്ള എആർ ക്യാംപിലെത്തിച്ചു. ഉന്നത ഉദ്യോഗസ്ഥരെത്തി ഇവരെ ചോദ്യം ചെയ്യുകയാണ്.
തെങ്കാശിയിലെ ചെങ്കോട്ടയ്ക്കും പുളിയറൈയ്ക്കും ഇടയ്ക്കുള്ള ഹോട്ടലില്‍വെച്ച് ഉച്ചഭക്ഷണം കഴിക്കവേയാണ് പോലീസ് സംഘം പ്രതികളെ പിടികൂടിയത്. പദ്മകുമാറിനേയും കുടുംബത്തേയും പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്.
കേസിൽ നിർണായകമായത് കാർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ്. ശ്രദ്ധ നേടിയത് വെള്ളക്കാറാണെങ്കിലും, കുട്ടിയുമായി നഗരത്തിലെത്തിയ നീല കാർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കേസിനെ വഴിത്തിരിവിലെത്തിച്ചത്. കുട്ടിയുടെ പിതാവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണവും കുറ്റവാളികളിലേക്ക് എത്തുന്നതിനു സഹായിച്ചു.