കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; രണ്ട് സ്ത്രീകളുടേതുൾപ്പെടെ മൂന്ന് രേഖാ ചിത്രങ്ങൾ പൊലീസ് പുറത്ത് വിട്ടു

കൊല്ലം: കൊല്ലം ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കൂടുതല്‍ രേഖാ ചിത്രങ്ങള്‍ പുറത്തുവിട്ട് പൊലീസ്. രണ്ടു സ്ത്രീകളുടെയും ഒരു പുരുഷന്‍റെയും രേഖാ ചിത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിലെ ഡ്രൈവറുടെയും രാത്രിയില്‍ കഴിഞ്ഞ വീട്ടില്‍ കുട്ടിയെ പരിചരിച്ച യുവതിയുടെയും ഓട്ടോയിൽ കുട്ടിയെ ആശ്രാമം മൈതാനത്ത് കൊണ്ടു വിട്ട സ്ത്രീയുടെയും രേഖാ ചിത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടത്.

പ്രതികളെന്ന് സംശയിക്കുന്നവരുടെ രേഖാചിത്രങ്ങളാണ് പുറത്തുവിട്ടതെന്നും ഇവരെക്കുറിച്ച് വിവരം കിട്ടുന്നവർ കൊല്ലം റൂറൽ പൊലീസിന്‍റെ 9497980211 എന്ന നമ്പറിൽ അറിയിക്കണമെന്നും അന്വേഷണ സംഘം അറിയിച്ചു.

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ ആറു വയസ്സുകാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് രേഖാചിത്രങ്ങള്‍ തയ്യാറാക്കിയത്. സംഘത്തില്‍ രണ്ട് സ്ത്രീകളുണ്ടെന്നാണ് ആറു വയസ്സുകാരി പൊലീസിനോട് പറഞ്ഞത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ടു സ്ത്രീകളുടെയും ഒരു പുരുഷന്‍റെയും രേഖാചിത്രങ്ങള്‍ പുറത്തുവിട്ടത്.

അതേസമയം, കുട്ടിയുടെ പിതാവ് താമസിച്ചിരുന്ന ഫ്ലാറ്റിൽ അന്വേഷണ സംഘം പരിശോധന നടത്തി. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണു കുട്ടിയുടെ പിതാവ്. നഗരത്തിലെ ഫ്ലാറ്റിലാണു അദ്ദേഹം താമസിച്ചിരുന്നത്. ഫ്ലാറ്റിൽനിന്ന് അദ്ദേഹത്തിന്‍റെ ഒരു ഫോൺ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. പരിശോധനയുടെ ഭാഗമായി വന്നു എന്നു മാത്രമാണു പൊലീസ് വിശദീകരിക്കുന്നത്.

More Stories from this section

family-dental
witywide