ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് പൊലീസ്

കൊല്ലം: ഓയൂരില്‍ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് കേരള പൊലീസ്. എന്തെങ്കിലും വിവരം കിട്ടുന്നവര്‍ 112 എന്ന പൊലീസ് കണ്‍ട്രോള്‍ റൂം നമ്പറില്‍ വിളിച്ച് അറിയിക്കാനും കേരള പൊലീസ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ ആവശ്യപ്പെട്ടു. അതേസമയം കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരത്ത് നിന്ന് രണ്ട് പേരെയും ശ്രീകാര്യത്ത് നിന്ന് ഒരാളെയുമാണ് കസ്റ്റഡിയിലെടുത്തത്.

ഇന്നലെ വൈകിട്ടോടെയാണ് ഓയൂരില്‍ നിന്ന് ആറു വയസ്സുകാരിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയത്. ആശുപത്രി ജീവനക്കാരായ റെജി ജോണിന്റെയും സിജി തങ്കച്ചന്റെയും ഇളയമകള്‍ അബിഗേല്‍ സാറെ റെജിയെയാണ് കാറില്‍ തട്ടിക്കൊണ്ടുപോയത്. ഒന്നാം ക്ലാസില്‍ പഠിക്കുന്ന അബിഗേലും മൂത്ത സഹോദരന്‍ നാലാം ക്ലാസുകാരന്‍ ജൊനാഥന്‍ റെജിയും വീട്ടില്‍ നിന്നു കഷ്ടിച്ചു 100 മീറ്റര്‍ ദൂരെയുള്ള ട്യൂഷന്‍ ക്ലാസിലേക്ക് നടന്നുപോകുന്നതിനിടെയാണ് സംഭവം നടന്നത്. കുട്ടിയെ വിട്ടുതരാന്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ സംഘം രണ്ടുതവണയാണ് ഫോണ്‍ ചെയ്തത്.

അതേസമയം കുട്ടിയെ ഇതിനു മുന്‍പും തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നതായി കുട്ടിയുടെ മുത്തശ്ശി വെളിപ്പെടുത്തി. ഇതിനു മുന്‍പും കുട്ടികള്‍ വീടിനു സമീപത്ത് കാര്‍ നിര്‍ത്തിയിട്ടിരുന്നത് കണ്ടുവെന്നും അതില്‍ നിന്ന് ചിലര്‍ തങ്ങളെത്തന്നെ നോക്കുന്നതായി കണ്ടുവെന്നും കുട്ടികള്‍ തന്നോടും അവരുടെ അമ്മയോടും പറഞ്ഞിരുന്നുവെന്നും മുത്തശ്ശി വെളിപ്പെടുത്തി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ മുത്തശ്ശിയുടെ സാന്നിദ്ധ്യം ദൗത്യത്തിന് തടസ്സമായതായി കണ്ടെത്തി.

More Stories from this section

family-dental
witywide