
തിരുവനന്തപുരം: കൊല്ലം ഓയൂരില്‍ നിന്ന് ആറ് വയസുകാരിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയിട്ട് നാലു ദിവസങ്ങള്‍ പിന്നിടുകയാണ്. ഇതിനിടെ കുട്ടിയെ കണ്ടുകിട്ടിയെങ്കിലും തട്ടിക്കൊണ്ടുപോയവര്‍ ആരാണെന്നോ, അവരുെ ലക്ഷ്യമെന്തായിരുന്നുവെന്നോ കണ്ടെത്താന്‍ കേരളാ പോലീസിന് കഴിഞ്ഞിട്ടില്ല. പ്രതികളുടെ സഞ്ചാരപാത കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെങ്കിലും പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.
തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ ആരാണെന്നും എന്താണ് ലക്ഷ്യമെന്നും ഇപ്പോഴും അജ്ഞാതമായി തുടരുന്നത് പൊലീസിന് തലവേദന സൃഷ്ടിക്കുകയാണ്. പ്രതികള്‍ സഞ്ചരിച്ച ഒരു വെള്ളകാര്‍ മാത്രമാണ് ഇപ്പോഴും അന്വേഷണ സംഘത്തിനു മുന്നിലെ പിടിവള്ളി. സിസിടിവി ദൃശ്യം വഴി അന്വേഷണം നടക്കാനിടയുള്ളതിനാല്‍ വഴി തെറ്റിച്ച് പല സ്ഥലങ്ങളിലൂടെ മാറിമാറി സംഘം പോയതായും സംശയമുണ്ട്.
കാര്‍ ചിറക്കര ചാത്തന്നൂര്‍ റൂട്ടില്‍ പോയതായുള്ള ദൃശ്യങ്ങളാണ് കഴിഞ്ഞദിവസം അവസാനം കിട്ടിയത്. ഇന്നലെ ചിറക്കരയില്‍ നിന്നും കാര്‍ ബ്ലോക്ക് മരം ജംഗ്ക്ഷനിലേക്കും പിന്നെ പരവൂര്‍- പാരിപ്പള്ളി ഭാഗങ്ങളിലേക്കും പോകുന്നതിന്റയും സിസിടിവി ദൃശ്യങ്ങള്‍ കിട്ടി. പക്ഷെ സഞ്ചാരപഥം കൃത്യമല്ല. സംഘത്തില്‍ എത്രപേര്‍ ഉണ്ട് എന്നതിലും വ്യക്തതയില്ല. രണ്ടു സ്ത്രീകളുണ്ടെന്നാണ് പൊലീസിന്റെ് സംശയം.
ഓയൂരില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോയത് ഒരു സംഘം മാത്രമാണോ, അതോ ഒന്നിലധികം സംഘങ്ങള്‍ ഉണ്ടായിരുന്നോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. പലയിടങ്ങളില്‍ ഒരേ സമയം സമാനമായ കാറുകള്‍ കണ്ട പശ്ചാത്തലത്തില്‍ പ്രതികള്‍ അന്വേഷണ സംഘത്തെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നതായും സംശയമുണ്ട്. അതിനിടെ അന്വേഷണം കൊല്ലം ജില്ലയില്‍ നിന്ന് അയല്‍ജില്ലകളായ തിരുവനന്തപുരം, പത്തനംതിട്ട എന്നിവിടങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി പ്രതികള്‍ കുട്ടിയുമായി തങ്ങിയത് കൊല്ലം നഗരത്തിലെന്നാണ് സൂചന. ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സ്ത്രീയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. അബിഗേലിനെ കൂടാതെ സമീപപ്രദേശത്ത് നിന്ന് മറ്റൊരു കുട്ടിയെ കൂടി തട്ടിക്കൊണ്ടു പോകാന്‍ സംഘം ലക്ഷ്യമിട്ടിരുന്നോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.













