
തിരുവനന്തപുരം: കൊല്ലം ഓയൂരില്‍ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്നു പേരെ പൊലീസ് പിടികൂടി. ഒരു പുരുഷനും രണ്ട് സ്ത്രീകളുമാണ് പിടിയിലായത്. തമിഴ്‌നാട് പുളിയറയില്‍ നിന്നാണ് മൂന്നു പേരെയും പിടികൂടിയത്. രണ്ട് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചാത്തന്നൂര്‍ സ്വദേശികളാണ് പിടിയിലായതെന്നാണ് വിവരം. ഇവര്‍ ഒരു കുടുംബത്തില്‍ തന്നെയുള്ളവരാണെന്നും സൂചനയുണ്ട്.
പ്രതികളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തര്‍ക്കമാണ് കൃത്യത്തിന് പിന്നിലെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളു. അതേസമയം പിടിയിലായ മൂന്നു പേരും കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവുമായി ബന്ധപ്പെട്ട് നേരിട്ടു ബന്ധമുള്ളവരാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
കുട്ടിയെ തട്ടിക്കൊണ്ടു പോയത് മനുഷ്യക്കടത്തു സംഘമല്ലെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയിരുന്നു. സംഭവത്തിനു പിന്നില്‍ കുട്ടിയുടെ അച്ഛന്‍ ഉള്‍പ്പെടെയുള്ളവരുടെ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടോയെന്നാണ് പൊലീസ് പ്രധാനമായും പരിശോധിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളും വൈരുധ്യങ്ങളും ബലപ്പെടുന്നതിന്റെ ഭാഗമായി കുട്ടിയുടെ അച്ഛന്‍ റെജിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. നേരത്തെ പത്തനംതിട്ടയില്‍ റെജി താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ പൊലീസ് പരിശോധന നടത്തുകയും ഫോണ്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.