
കൊല്ലം: ഓയൂരില്‍ നിന്ന് ആറ് വയസ്സുകാരിയെ തട്ടികൊണ്ടുപോയ കേസില്‍ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഒന്നാം പ്രതി പത്മകുമാര്‍, രണ്ടാം പ്രതി അനിത കുമാരി മൂന്നാം പ്രതി അനുപമ എന്നിവരെ ഡിസംബര്‍ 15 വരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കുട്ടിയെ തട്ടികൊണ്ടുപോയി അന്യായമായി തടങ്കലില്‍ വെച്ച കുറ്റത്തിന് ഐപിസി 346, തട്ടി കൊണ്ടു പോയ കുറ്റത്തിന് ഐപിസി 361, 363 , മോചന ദ്രവ്യം ആവശ്യപ്പെട്ട കുറ്റത്തിന് 364 എ എന്നീ കുറ്റങ്ങളും പ്രതികള്‍ക്ക് എതിരെ ചുമത്തി.
ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകള്‍ ഉള്‍പ്പെടെ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. 370 (4) തട്ടിപ്പ് നടത്താന്‍ വേണ്ടിയുള്ള മനുഷ്യക്കടത്ത്, 323 ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നീ വകുപ്പുകളും മൂന്നു പേര്‍ക്കുമെതിരെ ചുമത്തിയിട്ടുണ്ട്. അതേസമയം കേസുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ നല്‍കുകയും സഹകരിക്കുകയും ചെയ്ത അബിഗേലിനും സഹോദരന്‍ ജൊനാഥനും പോലീസ് അവാര്‍ഡ് നല്‍കി.
കുട്ടികള്‍ക്ക് മൊമന്റോ നല്‍കിയെന്ന് എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. അബിഗേലിന്റെ സഹോദരനാണ ്ഈ കേസിലെ ആദ്യത്തെ ഹീറോയെന്നും എഡിജിപി പറഞ്ഞു. ‘സഹോദരിയെ തട്ടിക്കൊണ്ടുപോവുന്നത് തടയാന്‍ പരമാവധി ആ കുട്ടി ശ്രമിച്ചു. പ്രതികള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതികരണമായിരുന്നു. കുട്ടി നന്നായി പോരാടി. ആ പയ്യനാണ് ആദ്യത്തെ ഹിറോ.
രണ്ടാമത്തെ താരം ആറുവയസ്സുകാരി തന്നെയാണ്. പെണ്‍കുട്ടി കൃത്യമായ വിവരണം നല്‍കി. മൂന്നാമത്തെ ഹീറോസ് പോര്‍ട്രെയ്റ്റ് വരച്ചവരാണ്. വളരെ കൃത്യതയോടെ കുട്ടി വിവരിച്ചതും വളരെ കൃത്യതയോടെ പോര്‍ട്രെയ്റ്റ് വരയ്ക്കാന്‍ സാധിച്ചതും കേസ് അന്വേഷണത്തില്‍ സഹായകരമായി’ എന്നും എഡിജിപി വിവരിച്ചു. കേസിലെ എല്ലാ പ്രതികളും അറസ്റ്റിലായെന്നു അജിത് കുമാര്‍ പറഞ്ഞു.













