
കൊല്ലം: കൊല്ലം ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളെ ഇന്നും ചോദ്യം ചെയ്യും. വിശദമായ ചോദ്യം ചെയ്യലിന് ശേഷം കേസിലെ ദുരൂഹത നീക്കാനാണ് ക്രൈംബ്രാഞ്ചിന്റെ ശ്രമം. കഴിയുന്നത്രയും ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുക എന്നതാണ് ഇന്നും കൂടി ചോദ്യം ചെയ്യുന്നതിലൂടെ അന്വേഷണസംഘം ലക്ഷ്യമിടുന്നത്. കേസില്‍ പത്മകുമാര്‍ ഭാര്യ അനിതകുമാരി മകള്‍ അനുപമ എന്നിവരുമായുള്ള തെളിവെടുപ്പ് പോലീസ് പൂര്‍ത്തിയാക്കിയിരുന്നു.
പ്രതികള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ഥലത്തും അതിനു ശേഷം കുട്ടിയെ താമസിപ്പിച്ച പത്മകുമാറിന്റെ വീട്ടിലും ഫോണ്‍ ചെയ്യാനായി കയറിയ പാരിപ്പള്ളിയിലെ ഗിരിജയുടെ കടയിലും ഭക്ഷണം വാങ്ങിയ സ്ഥലത്തും വ്യാജര്‍ നമ്പര്‍ ഉണ്ടാക്കിയ സ്ഥലത്തും കുട്ടിയെ ഉപേക്ഷിച്ച ആശ്രമം മൈതാനത്തുമാണ് പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
കഴിഞ്ഞ ദിവസം കേസുമായി കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പ്രതികള്‍ കത്തിച്ച കുട്ടിയുടെ സ്‌കൂള്‍ ബാഗിന്റെ ഭാഗങ്ങളും പെന്‍സില്‍ ബോക്‌സും അന്വേഷണ സംഘം കണ്ടെടുത്തു. ഒന്നാംപ്രതി പത്മകുമാറിന്റെ പോളച്ചിറയിലെ ഫാം ഹൗസില്‍ നടത്തിയ പരിശോധനയിലാണ് തെളിവുകള്‍ കണ്ടെടുത്തത്. കുട്ടിയുടെ ബാഗ് കത്തിച്ച് കളഞ്ഞെന്നും വ്യാജ നമ്പര്‍ പ്ലേറ്റ് ആറ്റില്‍ കളഞ്ഞെന്നുമാണ് പ്രതികള്‍ ആദ്യം നല്‍കിയ മൊഴി.
പ്രതികളുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. കസ്റ്റഡി കാലാവധി അവസാനിക്കും മുന്നേ പരമാവധി തെളിവുകള്‍ ശേഖരിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. തട്ടിക്കൊണ്ടുപോകലില്‍ പത്മകുമാറിനും കുടുംബത്തിനും മാത്രമാണ് പങ്കെന്ന നിഗമനത്തില്‍ തന്നെയാണ് അന്വേഷണ സംഘം ഇപ്പോഴുള്ളത്.