
മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന് ഹൃദയാഘാതം ഉണ്ടായെന്ന വാർത്ത തള്ളി ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ്. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം പുതിന്‍ പൊതുവേദികളില്‍ അപരനെ വച്ചെന്ന ആരോപണവും അദ്ദേഹം തള്ളി.
“അദ്ദേഹം തീർത്തും ആരോഗ്യവാനാണ്. ഇത് തീർത്തും മറ്റൊരു വ്യാജ വാർത്ത മാത്രമാണ്,” ദിമിത്രി പെസ്കോവ് പറഞ്ഞു.
പുടിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ബാധിച്ചെന്ന് ജനറല്‍ എസ് വി ആർ എന്ന ടെലിഗ്രാം ചാനലിന്റെ ഉറവിടമില്ലാത്ത വാർത്തയെ അടിസ്ഥാനമാക്കി ചില പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഞായറാഴ്ച രാത്രിയോടെ പുടിന് ഹൃദയാഘാതം സംഭവിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്. ക്രെംലിനില്‍ മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയുടെ നേതൃത്വത്തിലുള്ളതാണ് ഈ ടെലിഗ്രാം ചാനല്‍.
കിടപ്പുമുറിയില്‍ പുടിന്‍ വീഴുന്ന ശബ്ദം കേട്ട് സുരക്ഷജീവനക്കാര്‍ മുറിയില്‍ എത്തിയെന്നും നിലത്തു കിടന്ന പുടിനെ ചികിത്സിക്കാനായി മെഡിക്കൽ സംഘത്തെ ഉടനെ എത്തിക്കുകയായിരുന്നെന്നുമാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് വസതിയില്‍ തന്നെ തീവ്രപരിചരണത്തിന് സൗകര്യമുള്ള പ്രത്യേക മുറിയിലേക്ക് മാറ്റിയെന്നും പറയുന്നു. അദ്ദേഹത്തിന്റെ മുറിയിലെ മേശപ്പുറത്ത് ഭക്ഷണസാധനങ്ങളും പാനീയങ്ങളും മറിഞ്ഞുവീണ നിലയില്‍ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.















