‘പലസ്തീനികളുടെ ചെലവില്‍ ഇസ്രായേല്‍ ഐക്യദാര്‍ഢ്യ സമ്മേളനം’; ലീഗിനോട് ചരിത്രം പൊറുക്കില്ലെന്ന് കെടി ജലീല്‍

കോഴിക്കോട്: കോഴിക്കോട് മുസ്ലിം ലീഗ് സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലെ ശശി തരൂരിന്റെ പ്രസംഗത്തെ വിമര്‍ശിച്ച് മുന്‍ മന്ത്രി കെ ടി ജലീല്‍. തരൂരിന്റെ പ്രസംഗം കേട്ടാല്‍ ഫലത്തില്‍ ഇസ്രയേല്‍ അനുകൂല സമ്മേളനമാണ് കോഴിക്കോട് നടന്നതെന്നാണ് ആര്‍ക്കും തോന്നുകയെന്ന് കെടി ജലീല്‍ പെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പലസ്തീന്‍ ജനതയുടെ ഉള്ളുരുക്കം കണ്ട് വേദനിച്ച് വന്നവരോടാണ് ശശി തരൂര്‍ ‘ഇസ്രയേല്‍ മാല”പാടിയത്. സമസ്തക്ക് മുന്നില്‍ ‘ശക്തി’ തെളിയിക്കാന്‍ ലീഗ് നടത്തിയ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഫലത്തില്‍ ലീഗിന് വിനയായി. പലസ്തീനികളുടെ ചെലവില്‍ ഒരു ഇസ്രായേല്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തിന് വേദിയൊരുക്കിയ ലീഗിനോട് ചരിത്രം പൊറുക്കില്ലെന്നും കെടി ജലീല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കോഴിക്കോട്ട് നടന്നത് ഇസ്രയേല്‍ അനുകൂല സമ്മേളനമോ?
പലസ്തീനിലെ പൊരുതുന്ന ജനതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച റാലിയിലെ മുഖ്യപ്രഭാഷകന്‍ ശശി തരൂരിന്റെ പ്രസംഗം കേട്ടാല്‍ ഫലത്തില്‍ ഇസ്രയേല്‍ അനുകൂല സമ്മേളനമാണെതെന്നാണ് ആര്‍ക്കും തോന്നുക! മിസ്റ്റര്‍ ശശി തരൂര്‍, പതിറ്റാണ്ടുകളായി ഇസ്രയേലിന്റെ അടിയും ഇടിയും വെടിയും തൊഴിയും ആട്ടും തുപ്പും സഹിക്കവയ്യാതെ പ്രതികരിച്ചതിനെ ഭീകര പ്രവര്‍ത്തനം എന്ന് താങ്കള്‍ വിശേഷിപ്പിച്ചപ്പോള്‍ എന്തേ ഇസ്രയേലിനെ കൊടും ഭീകരര്‍ എന്ന് അങ്ങ് വിളിച്ചില്ല? മിസ്റ്റര്‍ തരൂര്‍, അളമുട്ടിയാല്‍ ചേരയും കടിക്കും. (മാളത്തില്‍ കുത്തിയാല്‍ ചേരയും കടിക്കും)

അന്ത്യനാള്‍ വരെ ലീഗിന്റെ ഈ ചതി പലസ്തീന്റെ മക്കള്‍ പൊറുക്കില്ല. പലസ്തീന്‍ ജനതയുടെ ഉള്ളുരുക്കം കണ്ട് വേദനിച്ച് വന്നവരോടാണ് ശശി തരൂര്‍ ‘ഇസ്രയേല്‍ മാല”പാടിയത്. സമസ്തക്ക് മുന്നില്‍ ‘ശക്തി’ തെളിയിക്കാന്‍ ലീഗ് നടത്തിയ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഫലത്തില്‍ ലീഗിന് വിനയായി. ലീഗ് ഒരുക്കിക്കൊടുത്ത സദസ്സിനോട് ശശി തരൂര്‍ പ്രസംഗിക്കുന്നതാണ് വീഡിയോ ക്ലിപ്പിംഗായി കൊടുത്തിരിക്കുന്നത്. പലസ്തീനികളുടെ ചെലവില്‍ ഒരു ഇസ്രായേല്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തിന് വേദിയൊരുക്കിയ ലീഗിനോട് ചരിത്രം പൊറുക്കില്ല. വടി കൊടുത്ത് അടി വാങ്ങിയ അന്തവും കുന്തവും തിരിയാത്തവര്‍.

More Stories from this section

family-dental
witywide