ചില കരിമണല്‍ കനവുകള്‍, സംശയങ്ങള്‍

പ്രിയപ്പെട്ട സാധാരണക്കാരായ സഹപ്രജകളെ ,

നിങ്ങളെപോലെ തന്നെ അതിസാധാരണ ജീവിത്സാഹചര്യങ്ങളില്‍ കഴിഞ്ഞുകൂടുന്ന ഒരു പാവം പ്രജയാണ് ഞാന്‍. ഈ നാട്ടിലെ രാജാവ്, മന്ത്രി തുടങ്ങിയ സംവിധാനങ്ങളോട് സംശയം ചോദിക്കാന്‍ പോയിട്ട് നേരെ നിന്ന് വെറുതെ നല്ല നമസ്കാരം പറയാന്‍ പോലും പറ്റാത്ത സാഹചര്യത്തില്‍ എനിക്കുള്ള എളിയ ചില സംശയങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്ക് ഉത്തരമുണ്ടെങ്കില്‍ ഒന്നു പറയണേ പ്ളീസ്..  

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്ന ഇഡി നാട്ടിലാകെ ഓടി നടന്ന് കള്ളന്മാരെ പിടിക്കുന്നതു കണ്ട് കണ്ണുനിറഞ്ഞുപോയ ഒരു സാധാരണക്കാരനാണ് ഞാന്‍. 136 കോടി രൂപ നല്ല വെടിപ്പായി കൈക്കൂലി കൊടുത്തു എന്ന് ഒരു മറയുമില്ലാതെ നാട്ടിലെ ഒരു കരിമണല്‍ ബിസിനസുകാരന്‍ നെഞ്ചില്‍ കൈവച്ചു പറഞ്ഞിട്ടും ഇഡിക്ക് എന്നല്ല ആര്‍ക്കും ഒരു കുലക്കവുമില്ല. രാഷ്ട്രീയക്കാര്‍, മാധ്യമ സ്ഥാപനങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി ഇത് വീതംവച്ചു നല്‍കിയെന്ന് അദ്ദേഹം കേന്ദ്രസര്‍ക്കാരിന്റെ ഐടി വിഭാഗത്തിനു മുന്നില്‍ തുറന്നു പറഞ്ഞു. എന്നിട്ടെന്തായി? ഒന്നും സംഭവിച്ചില്ല. എന്തുകൊണ്ട്? 

 കാശുകൊടുത്ത കുറേ മഹാന്മാരുടെ പേരുകള്‍ ഡയറിയില്‍ കുറിച്ചുവച്ചിട്ടുണ്ട്. അതില്‍ സിപിഎം, കോണ്‍ഗ്രസ്, ലീഗ് സംഘടനകളിലെ നേതാക്കള്‍ മാത്രമേയുള്ളു. അല്ല ഈ ബിജെപി നേതാക്കള്‍ ആരും ലിസ്റ്റിലില്ല.. കരിമണല്‍ ഖനന അനുമതി കേന്ദ്രസര്‍ക്കാര്‍ നേരിട്ട് നല്‍കണം. സംസ്ഥാനങ്ങള്‍ക്ക് അതില്‍ ഒരു റോളുമില്ല, എന്നിട്ടും ഒരു ചില്ലിക്കാശുപോലും ബിജെപി നേതാക്കള്‍ക്ക് കൊടുത്തില്ലാ അല്ലെങ്കില്‍ പേര് എഴുതീല.. എന്തുകൊണ്ട്? മുരളീധര്‍ജി ഡല്‍ഹിയിലിരുന്നു വെല്ലുവിളിച്ചു, എന്തിട്ടെന്തേ ഇഡി വന്നില്ല.? മോണ്‍സന്‍ മാവുങ്കലിന്റെ ആക്രിക്കച്ചവടത്തിന്റെ ചുവടുപിടിച്ചെന്നു പറഞ്ഞ് കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ തേടി ഇഡി വന്നു. വെറും 4 കോടിയുടെ ലൈഫ്മിഷന്‍ കേസില്‍ ശിവശങ്കറിനെ തേടി ഇഡി വന്നു.

കേരള സര്‍ക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കെഎസ്ഐഡിസിക്ക് 15 ശതമാനം ഓഹരി പങ്കാളിത്തമുള്ള ഒരു സ്ഥാപനമാണ് സിഎംആര്‍എല്‍. അതായത് നമ്മുടെ നികുതിക്കാശ്.. എന്നിട്ടോ ഇഡി പോയിട്ട്  ഒരു വിജിലന്‍സ് കേസുപോലും വന്നില്ല.. എന്തുകൊണ്ട്?

ആകെ വന്നത് വെറും 1.7 കോടിയുടെ ഒരു വിവാദമാണ്. മുഖ്യമന്ത്രിയുടെ മകള്‍ സിഎംആര്‍എല്ലില്‍നിന്ന് കൈപ്പറ്റിയെന്ന് ഇന്‍കം ടാക്സ് സെറ്റില്‍മെന്റ് ബോര്‍ഡ് പറഞ്ഞതു മാത്രം നീറി പുകഞ്ഞു. ഇങ്ങനെയൊക്കെ ചെയ്യാമോ? വീട്ടിലിരിക്കുന്ന പാവംപിടിച്ച പെണ്ണുങ്ങളെ രാഷ്ട്രീയ താല്‍പര്യത്തിനു വേണ്ടി വലിച്ചിഴക്കാമോ? ചോദ്യം എന്റെയല്ല, സിപിഎം നേതാക്കളുടേതാണ്. ഒരു സിപിഎം അംഗംപോലും അല്ലാത്ത ആ പെണ്‍കുട്ടിക്കുവേണ്ടി സിപിഎം എന്ന വിപ്ളവപാര്‍ട്ടി ഇങ്ങനെനിന്ന് വിയര്‍ക്കുന്നത് എന്തിനാണ് സുഹൃത്തുക്കളേ? വൈരുധ്യാത്മക ഭൗതികവാദത്തെ കുറിച്ചു മാത്രം സംസാരിച്ചിരുന്ന പാര്‍ട്ടി ബുജികള്‍ പോലും കളത്തിലിറങ്ങിയത് എന്തിനാണ് സഖാക്കളേ?

 ആ പെണ്‍കുട്ടി ഒരു ബിസിനസ് നടത്തുന്നു. സ്വന്തമായി ഒരു കമ്പനിയുണ്ട്. എജ്യുക്കേഷണല്‍ സോഫ്റ്റ് വെയറുകള്‍ ഡെവലപ് ചെയ്യുന്നു എന്നാണ് അതിന്റെ സേവനവ്യവസ്ഥകളില്‍ പറയുന്നത്.. ടി കക്ഷിക്ക് കരിമണല്‍ കമ്പനിയില്‍ എന്ത് വിദ്യാഭ്യാസ ഏര്‍പ്പാട് എന്ന് നിങ്ങള്‍ക്ക് സംശയം തോന്നിയേക്കാം. എനിക്കും അത്രേയുള്ളു സംശയം. പുള്ളിക്കാരി നല്‍കാത്ത അല്ലെങ്കില്‍ നല്‍കാന്‍ വിചാരിച്ചിരുന്ന സേവനത്തിന് വെറും 1.7 കോടി വാങ്ങി. മുഖ്യപുത്രിയായതിനാല്‍ കാശ്കൊടുത്തു എന്നാണ് കരിമണലുകാരന്‍ പറയുന്നത്. കാശുകിട്ടിയോ ഇല്ലയോ, എന്തു സേവനമാണ് നല്‍കിയത് എന്നൊക്കെ ആ പെണ്‍കുട്ടിക്ക് ഒന്നു മൊഴിയാമായിരുന്നു.. ആ പെണ്‍കുട്ടി എന്നത്തേയും പോലെ സുഖമായി ജീവിക്കുന്നു. സിപിഎം വക്താക്കള്‍ ചാനല്‍ മുറികളിലും പത്രക്കാരുടെ ചോദ്യങ്ങള്‍ക്കു മുന്നിലും ഇരുന്ന് വിയര്‍ക്കുന്നു, കയര്‍ക്കുന്നു. മടിയില്‍ ഒട്ടും കനമില്ലാത്ത, ഇരുകൈകളും ശുദ്ധമായ ആരാധ്യനായ മുഖ്യനെ പരമ പരിശുദ്ധനായി നിലനിര്‍ത്തേണ്ടത് ആരുടെ ആവശ്യമാണ്?

മുഖ്യപുത്രിയുടെ കമ്പനി ഒരു സോഫ്റ്റ് വെയര്‍ സ്ഥാപനമല്ല, പണമിടപാടു സ്ഥാപനമാണ് എന്നാണ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ പറയുന്നത്. കള്ളപ്പണം വെളുപ്പിക്കേണ്ടവര്‍ക്ക് നികുതി അടച്ച് അത് വെളുപ്പിച്ചു കൊടുക്കുന്ന സേവനമാണ് ഈ കമ്പനിചെയ്തു കൊടുക്കുന്നതത്രേ..? എന്തായാലും കമ്പനി പൂട്ടാന്‍ കമ്പനി കാര്യ മന്ത്രാലയത്തിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് പാണന്മാര്‍ പാടി നടക്കുന്നു.. മടിയില്‍ കനമില്ലെങ്കില്‍ പിന്നെ എന്തിനാണ് അതു പൂട്ടുന്നത്. ?

136 കോടി വലിയ പൈസയല്ലേ സുഹൃത്തുക്കളേ? അത്രയും പൈസ കൈക്കൂലി നല്‍കേണ്ടി വരുന്നത് എന്തിനാണ്? സിഎംആര്‍എല്‍ എന്ന കമ്പനി നേരിട്ട് കരിമണല്‍ഖനനം നടത്തുന്നില്ല. ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ് എന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍നിന്ന് കരിമണലിലെ ഇല്‍മനൈറ്റ് വാങ്ങി റൂടെയ്ല്‍സ് എന്ന അസംസ്കൃതവസ്തു ഉണ്ടാക്കുന്നു, അത് കയറ്റി അയക്കുന്നു. പരിസിഥിതി പ്രാദേശിക എതിര്‍പ്പുകള്‍ ഇല്ലാതാക്കാനാണ് ഈ പണം കൊടുക്കുന്നത് എന്നാണ് കമ്പനി മുതലാളി പറയുന്നത്. അപ്പോള്‍ ഇദ്ദേഹം കരിമണല്‍ കടത്തുന്നുണ്ടോ? വലിയ മാഫിയയാണെന്നാണ് പിന്നാമ്പുറ സംസാരം അതുകൊണ്ട് ഉണ്ടായ സംശയമാണ്. തമിഴ്നാട്ടിലെ കരിമണല്‍ രാജാവ് വൈകുണ്ഠരാജനുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും ഇയാള്‍ കരിമണല്‍ കള്ളക്കടത്ത് നടത്തുന്നു എന്നും ആരോപണമുണ്ട്. ആറാട്ടുപുഴയിലും ആലപ്പാടും ഇദ്ദേഹം വളരെയേറെ ഭൂമി വാങ്ങിക്കൂട്ടിയെന്നും ആരോപണമുണ്ട്..എന്നതിനാല്‍ ഇയാള്‍ ഒരു ഭീകരനാണ് എന്ന് നിങ്ങള്‍ കരുതരുത് കാരണം 2010 ല്‍ അന്നത്തെ കേരള വ്യവസായ മന്ത്രി ശ്രീ എളമരം കരിം അവറുകള്‍ ഇദ്ദേഹത്തിന് പത്മ അവാര്‍ഡ് നല്‍കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. മധ്യകേരളത്തിലെ എല്ലാ പ്രമുഖ രാഷ്ട്രീയക്കാരും ചില പത്രക്കാരും ഇദ്ദേഹത്തിന്റെ കയ്യില്‍നിന്ന് പണം പറ്റിയെന്നാണ് സംസാരം. അമ്പുകൊള്ളാത്തവരില്ല ഗുരുക്കളില്‍ എന്നു പറഞ്ഞപോലെ , കാശുമേടിക്കാത്തവരില്ല പ്രമുഖരില്‍.. കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയുടെ സെനറ്റ് മെംബറായി ഇദ്ദേഹത്തിന്റെ മകനെ നിയമിച്ചു.. എന്നിട്ട് ഇദ്ദേഹം തന്നെ കാശുമുടക്കി ഒരു സ്വീകരണം സംഘടിപ്പിച്ചു. അതില്‍ അണിനിരന്ന പ്രമുഖ വ്യക്തിത്വങ്ങള്‍ക്ക് ജാതി മത വര്‍ഗ വര്‍ണ രാഷ്ട്രീയ ഭേദമില്ലായിരുന്നു സുഹൃത്തുക്കളേ.. അതാണ് കാശിന്റെ ഗുണം. അപ്പോള്‍ ആദ്യത്തെ അതേ സംശയം എന്തിനായിരിക്കും 136 കോടി കൈക്കൂലി? കേരള തീരത്ത് നിന്ന് അനധിവിദൂരമല്ലാത്ത ഭാവിയില്‍ ഇദ്ദേഹം കരിമണല്‍ വാരുമോ? തീരം തീറെഴുതി ഈ മുതലാളിക്ക് നല്‍കുമോ? സംശയമാണ്.

സ്നേഹപൂര്‍വം

ഒരു പാവം പ്രജ

More Stories from this section

dental-431-x-127
witywide