
കുവൈത്ത് സിറ്റി: പലസ്തീന് ശക്തമായ പിന്തുണയുമായി കുവൈത്ത്. ഗാസയില്‍നിന്ന് പലസ്തീനികളെ നിര്‍ബന്ധിതമായി കുടിയിറക്കാനുള്ള ഇസ്രയേല്‍ ആഹ്വാനത്തെ കുവൈത്ത് തള്ളി. ഇക്കാര്യം കുവൈത്ത് നിരസിച്ചതായി വിദേശകാര്യ മന്ത്രി ഷെയ്ഖ് സലിം അബ്ദുള്ള അല്‍ ജാബിര്‍ അസ്സബാഹ് വ്യക്തമാക്കി.
ഉപരോധത്തിലും ബോംബാക്രമണത്തിലും നൂറുകണക്കിന് നിരപരാധികളുടെ ജീവന്‍ അപഹരിക്കപ്പെട്ട പലസ്തീന്‍ ജനതയുടെ ദുരിതം ഇത്തരമൊരു ആഹ്വാനം വര്‍ധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ ലംഘിച്ചുള്ള ഇസ്രയേല്‍ സേനയുടെ അക്രമങ്ങള്‍, കൊലപ്പെടുത്തല്‍, സ്വത്തുക്കള്‍ നശിപ്പിക്കല്‍ എന്നിവയില്‍ മന്ത്രി ഷെയ്ഖ് സലിം ഖേദം പ്രകടിപ്പിച്ചു.
സിവിലിയന്‍, സൈനികര്‍ വ്യത്യാസമില്ലാതെ തുടരുന്ന ആക്രമണം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹവും യുഎന്‍ രക്ഷാസമിതിയും ഉടന്‍ ഇടപെടണം. സിവിലിയന്മാര്‍ക്കെതിരായ ആക്രമണങ്ങള്‍ അവസാനിപ്പിക്കാനും മന്ത്രി ആഹ്വാനം ചെയ്തു. ഇക്കാര്യത്തില്‍ എല്ലാവരും രാഷ്ട്രീയവും മാനുഷികവുമായ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കണം.
ഉപരോധം അവസാനിപ്പിക്കാനും പലസ്തീന്‍ ജനതക്ക് വൈദ്യസഹായം എത്തിക്കാനും യുഎന്‍ സംഘടനകളും സര്‍ക്കാറിതര മാനുഷിക സംഘടനകളും വഴി അവര്‍ക്ക് വെള്ളവും ഭക്ഷണവും നല്‍കുന്നത് ഉറപ്പാക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്നും ഷെയ്ഖ് സലിം അഭ്യര്‍ഥിച്ചു.













