
അമേരിക്കയില്‍ യുണൈറ്റഡ് ഓട്ടോ വര്‍ക്കേഴ്സ് യൂണിയന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന തൊഴിലാളി സമരം കൂടുതല്‍ ശക്തമാകുന്നു. യൂണിയനിലെ 7,000 തൊഴിലാളികള്‍ കൂടി സമരത്തിന്റെ ഭാഗമായി പണിമുടക്ക് പ്രഖ്യാപിച്ചു. ഇതോടെ ചിക്കാഗോയിലേയും മിഷിഗണിലെയും പ്ലാന്റുകള്‍ കൂടി പ്രവര്‍ത്തനം അവസാനിപ്പിച്ചതായി യുണൈറ്റഡ് ഓട്ടോവര്‍ക്കേഴ്സ് പ്രസിഡന്റ് ഷവന്‍ ഫെയിന്‍ അറിയിച്ചു.
യുണൈറ്റഡ് ഓട്ടോ വര്‍ക്കേഴ്സ് യൂണിയന്റെ നേതൃത്വത്തില്‍ ഈ മാസമാദ്യമാണ് ഭാഗികമായി സമരമാരംഭിച്ചത്. വേതന വര്‍ദ്ധനവ്, കുറഞ്ഞ ജോലിസമയം, മെച്ചപ്പെട്ട റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ എന്നീ ആവശ്യങ്ങളുന്നയിച്ച് ഇരുപത് സ്റ്റേറ്റുകളില്‍ നിന്നായി ആയിരത്തോളം തൊഴിലാളികളാണ് തുടക്കത്തില്‍ സമരത്തിന്റെ ഭാഗമായത്. ബിഗ് ത്രീ എന്നറിയപ്പെടുന്ന യുഎസിലെ പ്രധാന കാര്‍ നിര്‍മ്മാതാക്കളായ ഫോര്‍ഡ്, ജനറല്‍ മോട്ടോഴ്‌സ്, സ്റ്റെല്ലാന്റിസ് എന്നിവയെ ഒരേസമയം ലക്ഷ്യമിടുന്ന ആദ്യ പണിമുടക്കാണിത്.
ഏഴായിരം തൊഴിലാളികള്‍ കൂടി പണിമുടക്കില്‍ പങ്കുചേര്‍ന്നതോടെ നിലവില്‍ പണിമുടക്കിയ തൊഴിലാളികളുടെ എണ്ണം 25,000 ആയി. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ 40 ശതമാനം വേതനവര്‍ധന വേണമെന്ന തൊഴിലാളികളുടെ ആവശ്യം കമ്പനികള്‍ തള്ളിയതിന് പിന്നാലെയാണ് സമരം ആരംഭിച്ചത്. 20 ശതമാനം ശമ്പള വര്‍ധന മാത്രമേ സാധിക്കൂ എന്നാണ് കമ്പനികളുടെ നിലപാട്.
‘ഞങ്ങള്‍ ശതകോടീശ്വരന്മാരുടെ വര്‍ഗ്ഗത്തില്‍പ്പെട്ടവരല്ല, പിന്തള്ളപ്പെട്ട കോടിക്കണക്കിന് വരുന്ന തൊഴിലാളിവര്‍ഗമാണ്. അവര്‍ക്കു വേണ്ടിയാണ് ഈ യുദ്ധമെന്ന് അമേരിക്കന്‍ ഓട്ടോമൊബൈല്‍സ് മേഖലയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ യുണൈറ്റഡ് ഓട്ടോ വര്‍ക്കേഴ്സ് യൂണിയന്റെ പ്രസിഡന്റായ ഷവന്‍ ഫെയിന്‍ പറഞ്ഞു. അതേസമയം സമരത്തില്‍ ഒത്തു തീര്‍പ്പിന് തയ്യാറായിരുന്നുവെന്നും എന്നാല്‍ ബാറ്ററി പ്ലാന്റുകളുടെ അടക്കം പ്രവര്‍ത്തനം തടസ്സപ്പെടുത്തിയാണ് യുഎഡബ്ല്യു മുന്നോട്ടുപോകുന്നതെന്നും ഫോര്‍ഡ് പ്രസിഡന്റ് ജിം ഫെയര്‍ലി വിമര്‍ശിച്ചു.















