
ലാസ് വേഗാസ്: അമേരിക്കയിലെ ലാസ് വേഗാസിലെ നെവാഡ സര്‍വകലാശാല കാമ്പസില്‍ വെടിവയ്പ്. മൂന്ന് പേര്‍ മരിച്ചു. പരിക്കേറ്റ ഒരാള്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്നലെ ഉച്ചയ്ക്കാണ് ആക്രമണം നടന്നത്. അക്രമിയും മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. അതേസമയം ഇയാള്‍ എങ്ങനെയാണ് മരിച്ചതെന്ന് വ്യക്തമല്ല. രാവിലെ പതിനൊന്നേമുക്കാലോടെ അക്രമി കാമ്പസിലെത്തിയ വിവരം ലഭിച്ചിരുന്നു. അപ്പോള്‍ തന്നെ ജാഗ്രത നിര്‍ദ്ദേശം നല്‍കിയെന്നാണ് പൊലീസ് പറയുന്നത്.
അക്രമിയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല. ആക്രമണത്തെ തുടര്‍ന്ന് ഹാരി റെയ്ഡ് രാജ്യാന്തര വിമാനത്താവളത്തിലെ വിമാന സര്‍വീസുകള്‍ നിര്‍ത്തി വയ്ക്കാന്‍ വ്യോമയാന അധികൃതര്‍ അറിയിച്ചു. സര്‍വകലാശാല കാമ്പസില്‍ നിന്ന് കേവലം മൂന്ന് കിലോമീറ്റര്‍ മാത്രം അകലെയാണ് വിമാനത്താവളം.
സംഭവത്തെ തുടര്‍ന്ന് സര്‍വകലാശാല ഒഴിപ്പിച്ചു. ഇനിയൊരു അറിയിപ്പുവരെ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ നിശ്ചയിച്ചിരുന്ന കായിക പരിപാടികള്‍ അടക്കം റദ്ദാക്കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ഈമാസം നാലിന് ഡാള്ളസിലുണ്ടായ വെടിവയ്പ്പില്‍ ഒരുവയസുള്ള കുഞ്ഞടക്കം നാല് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.















