
തിരുവനന്തപുരം: പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തിയതിന്റെ പേരില്‍ ആര്യാടന്‍ ഷൗക്കത്തിനെതിരെ നടപടിയെടുത്താല്‍ കോണ്‍ഗ്രസ് വള പൊട്ടുന്നതു പോലെ പൊട്ടുമെന്ന് സിപിഎം നേതാവ് എകെ ബാലന്‍. കോണ്‍ഗ്രസിനുള്ളിലെ ശക്തനായ മതനിരപേക്ഷ വാദിയാണ് ഷൗക്കത്ത്. പലസ്തീന്‍ വിഷയത്തില്‍ ശക്തമായ നിലപാടുള്ള നേതാവാണ്. ഷൗക്കത്തിനെ തൊടാന്‍ കഴിയില്ലെന്നും എകെ ബാലന്‍ പറഞ്ഞു.
ഷൗക്കത്തിനെതിരായി അച്ചടക്ക നടപടിയെടുത്താല്‍ കോണ്‍ഗ്രസ് പരിപൂര്‍ണമായും ബിജെപിയുടെ നയത്തിന്റെ ഭാഗമാണെന്ന് വ്യക്തമാകും. ഈ വിഷയത്തില്‍ എന്തെങ്കിലും നടപടി വന്നാല്‍ അദ്ദേഹത്തെ എല്ലാവിധത്തിലും പ്രോത്സാഹിപ്പിക്കുന്ന നിലപാടായിരിക്കും എല്‍ഡിഎഫും സിപിഎമ്മും സ്വീകരിക്കുക എന്നും എകെ ബാലന്‍ പറഞ്ഞു. ഷൗക്കത്തിനെ എല്‍ഡിഎഫ് സംരക്ഷിക്കുമെന്ന് സിപിഎം നേതാവ് കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി വിലക്ക് ലംഘിച്ചതിനെതിരെ ആര്യാടന്‍ ഷൗക്കത്തിനെതിരെ കോണ്‍ഗ്രസ് നടപടിക്കൊരുങ്ങുന്നതിനിടെയാണ് മുതിര്‍ന്ന സിപിഎം നേതാവിന്റെ പ്രതികരണം. ഷൗക്കത്തിനെതിരെ നടപടി എടുത്തേക്കും എന്നാണ് സൂചനകള്‍.