
എയർ ഇന്ത്യ ടാറ്റ ഏറ്റെടുത്തതോടെ എയർ ഇന്ത്യയെ വാഴ്ത്താത്തവർ കുറവ്. ചിലരുടെ തള്ള് കുറച്ച് കടന്ന കൈയായി മാറുകയും ചെയ്തിരുന്നു. എമിറേറ്റ്സും ഖത്തറും വീഴും എന്നുവരെ തള്ളിയവരുണ്ട്. തള്ളലു മൂലം കണ്ണേറു കൊണ്ടതാണോ എന്ന് അറിയില്ല , എയർഇന്ത്യ പഴയ എയർഇന്ത്യ പോലെ തന്നെയെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്നത്തെ ലണ്ടൻ – ഡൽഹി വിമാനം. വിമാനം പുറപ്പെടാൻ തയാറായി ഇരിക്കുമ്പോളാണ് ചില യാത്രക്കാരുടെ തലയിലേക്ക് വെള്ളം ഇറ്റിറ്റു വീഴാൻ തുടങ്ങിയത്. ഓലമേഞ്ഞ വീട്ടിൽ മഴക്കാലമെത്തുന്നപോലെ ഒരു ഫീൽ.
പരാതിപ്പെട്ടതോടെ ക്രൂ എത്തി പരിശോധന നടത്തി . നോക്കുമ്പോൾ ചോർച്ച ടിഷ്യു പേപ്പർ കൊണ്ട് അടച്ച് അഡ്ജസ്റ്റ് ചെയ്തു വച്ചിരിക്കുയാണ്. വെള്ളം കുടിച്ച് ടിഷ്യു പേപ്പർ വീർത്തതോടെ പണി പാളിയതാണ്. വീണ്ടും പുതിയ ടിഷ്യു പേപ്പർ മാജിക് കാണിച്ച് ചോർച്ച അടച്ച് വിമാനം യാത്ര പുറപ്പെടുകയാണ് ഉണ്ടായത്.

ഹീത്രു വിമാനത്താവളത്തിൽനിന്ന് ഇന്ത്യൻ സമയം 8.30നു പുറപ്പെട്ട AI 112 ബോയിങ് വിമാനത്തിലായിരുന്നു സംഭവം. വിമാനം പുലർച്ചെ നാലുമണിയോടെ ഡൽഹി എയർപോർട്ടിൽ എത്തും. പുതിയ 470 വിമാനങ്ങൾ വാങ്ങാൻ ടാറ്റ തീരുമാനിച്ചു എന്നാണ് മാധ്യമങ്ങളിൽ വന്ന വാർത്ത. അതോടെ എല്ലാം ശരിയാകുമായിരിക്കും. അല്ലാതെ എത്രനാൾ ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കും.
Leak in cabin on AirIndia London- Delhi Flight: Cabin crew fix the leak with tissue paper and set off











