
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഓഫിസിനെ മറയാക്കി നടന്ന നിയമനത്തട്ടിപ്പ് കേസില്‍ പരാതിക്കാരനായ ഹരിദാസന്‍ കുമ്മോളിയെ പ്രതിയാക്കേണ്ടതില്ലെന്ന് പോലീസിന് നിയമോപദേശം. ഹരിദാസനില്‍ നിന്ന് മറ്റ് പ്രതികള്‍ പണം തട്ടിയെടുത്തതിനാല്‍ പ്രതിയാക്കേണ്ടതില്ലെന്നും സാക്ഷിയാക്കി കേസ് മുന്നോട്ടു നീക്കാനുമാണ് പോലീസിന് നിയമോപദേശം ലഭിച്ചിരിക്കുന്നത്. ചോദ്യം ചെയ്യല്‍ പുര്‍ത്തിയായ ശേഷം അന്തിമതീരുമാനമെടുക്കാമെന്നും കന്റോണ്‍മെന്റ് പൊലീസിന് ലഭിച്ച നിയമപോദശത്തില്‍ പറയുന്നു.
തട്ടിപ്പ് സ്ഥിരീകരിച്ച് മൊഴി നല്‍കിയതും അന്വഷണസംഘത്തെ സഹായിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തിയതും ഹരിദാസനാണ്. അതിനാല്‍ കേസിലെ പ്രധാന സാക്ഷിയായി ഹരിദാസനെ കാണാമെന്നാണ് നിയമപോദേശത്തില്‍ പറയുന്നത്. ഹരിദാസനെ സാക്ഷിയാക്കിയാല്‍ മാത്രമെ നിയമനതട്ടിപ്പ് കേസ് നിലനില്‍ക്കൂവെന്നും നിലവിലെ കേസിന്റെ അന്വേഷണം പൂര്‍ത്തിയായ ശേഷം ആവശ്യമെങ്കില്‍ പിന്നീട് പ്രത്യേക കേസ് എടുത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാമെന്നുമാണ് നിയമോപദേശം.
ആരോഗ്യമന്ത്രിക്ക് നല്‍കിയ പരാതി തയ്യാറാക്കിയത് തട്ടിപ്പ് സംഘമാണെന്നും മുഖ്യ ആസൂത്രകന്‍ ബാസിതാണെന്നും കഴിഞ്ഞ ദിവസം ഹരിദാസന്‍ മൊഴിനല്‍കിയിരുന്നു. അഖില്‍ മാത്യുവിന്റെ പേര് എഴുതി ചേര്‍ത്തത് ബാസിതും സംഘവുമാണെന്നും പരാതി ബാസിത് തന്നെക്കൊണ്ട് ഭീഷണിപ്പെടുത്തി ഒപ്പിടുവിപ്പിച്ചതാണെന്നും ഹരിദാസന്‍ പറഞ്ഞിരുന്നു. എന്തിനാണ് അഖില്‍ മാത്യുവിന്റെ പേര് എഴുതിയത് എന്ന് ചോദിച്ചപ്പോള്‍ തന്നെ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഹരിദാസന്‍ പോലീസിനോട് പറഞ്ഞു.
ഹോമിയോ ഡോക്ടര്‍ തസ്തികയില്‍ നിയമിക്കാമെന്ന് വാഗ്ദാനം നല്‍കി ഹരിദാസന്റെ കയ്യില്‍നിന്ന് കോഴ വാങ്ങിയെന്നാണ് കേസ്. ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫായ അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപ നല്‍കിയെന്നായിരുന്നു ഹരിദാസിന്റെ പരാതി. തുടര്‍ന്ന് പരാതിയില്‍ ആരോപിക്കുന്ന ദിവസം അഖില്‍ മാത്യു സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പിന്നാലെ തനിക്കെതിരെ വന്ന ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അഖില്‍ മാത്യു പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.