
ബെംഗളൂരു: പ്രമുഖ കന്നഡ നടി ലീലാവതി അന്തരിച്ചു. 85 വയസായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ബെംഗളൂരു നെലമംഗലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രണ്ടു തവണ ദേശീയ പുരസ്‌കാരവും ആറ് തവണ സംസ്ഥാന പുരസ്‌കാരവും നേടിയിട്ടുണ്ട്. ലീലാവതിയുടെ നിര്യാണത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, മുന്‍ മുഖ്യമന്ത്രിമാരായ ബി.എസ്.യെഡിയൂരപ്പ, ബസവരാജ് ബൊമ്മൈ, എച്ച്.ഡി.കുമാരസ്വാമി എന്നിവരുള്‍പ്പെടെ അനുശോചനം രേഖപ്പെടുത്തി.
ചഞ്ചല കുമാരി എന്ന ചിത്രത്തിലൂടെയാണ് ലീലാവതി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി 600ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കന്നഡയില്‍ മാത്രം നാനൂറോളം സിനിമകളില്‍ അഭിനയിച്ചു. പ്രമുഖ കന്നഡ നടന്‍ ഡോ. രാജ്കുമാറിനൊപ്പം നിരവധി സിനിമകളില്‍ വേഷമിട്ടു. നടന്‍ വിനോദ് രാജ് മകനാണ്.













