
അമേരിക്കന്‍ മലയാളികള്‍ക്ക് പറയാനുള്ളത്
കേരളത്തില്‍ വീണ്ടും ശക്തമായ മഴ എത്തിയിരിക്കുകയാണ്. മഴ വന്നുതുടങ്ങുമ്പോള്‍ മുതല്‍ മഴയ്ക്കൊപ്പം തുടങ്ങും കേരളത്തിന്റെ ദുരിതങ്ങളും. തിരുവനന്തപുരത്ത് കഴിഞ്ഞ ആഴ്ചയുണ്ടായ മഴ പലയിടങ്ങളിലും വെള്ളപ്പൊക്കമായി മാറി. തിരുവനന്തപുരത്തെ കഴക്കൂട്ടം, വേളി ഭാഗങ്ങളിലൊക്കെ നിരവധി വീടുകളിലും വെള്ളം കയറി ജനങ്ങള്‍ ദുരിതത്തിലായി. റോഡുകളൊക്കെ വെള്ളത്തിനടിയിലായതോടെ ജനജീവിതം ആകെ താറുമാറായി. ഇത് കേള്‍ക്കുമ്പോള്‍ ഇതെന്തോ ഒറ്റപ്പെട്ട സംഭവമാണെന്ന് കരുതാന്‍ കഴിയില്ല. കേരളത്തില്‍ ഇപ്പോള്‍ മഴയുടെ പേരിലുള്ള ദുരിതങ്ങള്‍ നിത്യസംഭവമാണ്. പാവപ്പെട്ട കുറേ മനുഷ്യര്‍ ആ ദുരിതത്തില്‍പ്പെട്ട് കഷ്ടതകള്‍ അനുഭവിക്കുന്നു.
കേരളത്തില്‍ എപ്പോഴൊക്കെ മഴ പെയ്യുമെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ജൂണ്‍ മാസത്തില്‍ വരുന്ന കാലവര്‍ഷവും ഒക്ടോബര്‍-നവംബര്‍ മാസത്തില്‍ വരുന്ന തുലാവര്‍ഷവും. എല്ലാ വര്‍ഷവും ഇത് ഉണ്ടാകുന്നതാണ്. പക്ഷെ മഴ തുടങ്ങുമ്പോള്‍ റോഡുകളും വീടുകളും വെള്ളത്തിനടിയില്‍. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ എന്താണ് ചെയ്യുക? ആലോചിക്കേണ്ടത് നാട് ഭരിക്കുന്ന സര്‍ക്കാരാണ്. നിര്‍ഭാഗ്യവശാല്‍ അത്തരം ആലോചനകള്‍ ഉണ്ടാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതിന്റെ ഫലമാണ് കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് കണ്ടത്.
ഒരുപാട് നദികളും പുഴകളും തോടുകളും മറ്റ് ജലാശയങ്ങളും ഉള്ള നാടാണ് കേരളം. വെള്ളം ഒഴുകിപ്പോകാന്‍ ഒരുപാട് സാധ്യതകള്‍ നമുക്ക് മുന്നിലുണ്ട്. ഡ്രെയ്നേജ് സംവിധാനം കാര്യക്ഷമാക്കുക മാത്രം ചെയ്താല്‍ ഈ പ്രശ്നത്തിന് പകുതി പരിഹാരം കാണാം. പ്ളാസ്റ്റിക് മാലിന്യങ്ങള്‍ നിറഞ്ഞ് ഡ്രെയ്നേജുകള്‍ അടഞ്ഞുകിടക്കുകയാണ് പല സ്ഥലത്തും. ഇതൊക്കെ സമയാസമയങ്ങളില്‍ നീക്കം ചെയ്യാന്‍ നടപടികള്‍ ഉണ്ടാകുന്നില്ല. പക്ഷെ, കേരളത്തിലെ പ്രധാന നഗരങ്ങളായ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ പോലും നമ്മുടെ ഡ്രെയ്നേജ് സിസ്റ്റം പരിതാപകരമാണ്. മഴ പെയ്ത് വെള്ളക്കെട്ടാകുമ്പോള്‍ ഡ്രെയ്നേജ് മാലിന്യങ്ങള്‍ റോഡിലേക്ക് ഒഴുകുന്നു. ഇത് ഉണ്ടാക്കുന്ന ആരോഗ്യങ്ങള്‍ പ്രശ്നങ്ങള്‍ വേറേ.
കോടിക്കണക്കിന് രൂപയുടെ ഫണ്ടാണ് ഓരോ വര്‍ഷവും അടിസ്ഥാന സൗകര്യ വികസനത്തിനായി നീക്കിവെക്കുന്നത്. പക്ഷെ ഇത് പ്രയോജനകരമായ വിധത്തില്‍ വിനിയോഗിക്കപ്പെടുന്നില്ല എന്നത് കേരളത്തില്‍ നിന്നുള്ള മഴക്കാഴ്ചകള്‍ കാണുമ്പോള്‍ ബോധ്യമാകുന്നു.
2018ല്‍ കേരളം പ്രളയത്തില്‍ മുങ്ങിയത് ലോകം കണ്ടതാണ്. അന്ന് പ്രവാസികളായ മലയാളികള്‍ കേരളത്തെ സഹായിക്കാന്‍ ഓടി നടന്നു. ഒരുപാട് പണം കേരളത്തിലേക്ക് അയച്ചു. പക്ഷെ, അതൊന്നും കാര്യക്ഷമമമായി വിനിയോഗിച്ചില്ല എന്നാണ് പിന്നീട് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ചിക്കാഗോയില്‍ നടന്ന ഒരു പരിപാടിയില്‍ പ്രശസ്ത സിനിമ നടനായ ജോയ് മാത്യു പറഞ്ഞത് പ്രളയ ഫണ്ടുപോലും കേരളത്തില്‍ കൊള്ളയടിക്കപ്പെട്ടു എന്നാണ്. സത്യത്തില്‍ ഇതൊക്കെ കേള്‍ക്കുമ്പോള്‍ കേരളത്തെ ഓര്‍ത്ത് വലിയ ദുഃഖമാണ് തോന്നുന്നത്.
എത്രയോ കാലം മുമ്പ് കേരളം വിട്ട് വിദേശ നാടുകളില്‍ കുടിയേറിയ ലക്ഷക്കണക്കിന് മലയാളികള്‍ അമേരിക്കയിലും കാനഡയിലും ഓസ്ട്രേലിയയിലും യുകെയിലും യൂറോപ്പിലുമൊക്കെ ഉണ്ട്. ലോകത്തിന്റെ ഏത് മൂലയിലായാലും കേരളം ഒന്ന് വേദനിച്ചാല്‍ പ്രവാസി മലയാളികളുടെ നെഞ്ച് പിടയും. അതുകൊണ്ടാണ് കേരളത്തെ സഹായിക്കാന്‍ എല്ലാ പ്രവാസികളും ഏപ്പോഴും ഒറ്റക്കെട്ടായി രംഗത്തുള്ളത്. പക്ഷെ, കേരളത്തിലെ ഭരണാധികാരികള്‍ ജനങ്ങളോട് കാട്ടുന്ന സമീപനം കാണുമ്പോള്‍ വലിയ പ്രതിഷേധമാണ് പ്രവാസി മലയാളികള്‍ക്കുള്ളത്. വ്യക്തിപരമായ ഒരാവശ്യത്തിനും വേണ്ടിയല്ല, കേരളത്തിന്റെ നന്മക്കും കേരളത്തിലെ ജനങ്ങളുടെ സ്വസ്ഥമായ ജീവിതത്തിനും വേണ്ടിയാണ് ഈ പ്രതിഷേധം. ഇനിയെങ്കിലും ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ വേണ്ടത് ചെയ്യണം.
ജൂണ്‍ മാസത്തില്‍ മഴക്കാലം ആരംഭിക്കും. റോഡുകള്‍ തകര്‍ന്ന് അന്ന് കേരളത്തില്‍ യാത്ര ചെയ്യാന്‍ കഴിയാത്ത സ്ഥിതിയായിരിക്കും. ആ പതിവ് മാറ്റുന്നതിനെ കുറിച്ച് ഇനിയെങ്കിലും സര്‍ക്കാര്‍ ആലോചിക്കണം. ജനങ്ങള്‍ക്ക് വേണ്ടി അധികാരത്തില്‍ വന്ന ജനകീയ സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണ് അതെന്ന് ഓര്‍മ്മപ്പെടുത്തട്ടെ. 2018ലെ പ്രളയം പോലെ, കഴിഞ്ഞ ആഴ്ചത്തെ തിരുവനന്തപുരം വെള്ളപ്പൊക്കം പോലെ ഉള്ള സംഭവങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കാതിരിക്കാതിരിക്കട്ടെ…
Let there be no more rain havoc in Kerala















