കോട്ടയം: പുതുപ്പള്ളി നിയോജകമണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ ബിജെപി കോട്ടയം ജില്ല പ്രസിഡന്റ് ജി. ലിജിന്‍ ലാല്‍ ബിജെപി സ്ഥാനാര്‍ഥി. ബിജെപി ദേശീയ സെക്രട്ടറി അരുണ്‍സിങ് ഇതു സംബന്ധിച്ച പ്രഖ്യാപനം ഡല്‍ഹിയില്‍ നടത്തി. 2021ല്‍ കടത്തുരുത്തിയില്‍ നിന്ന് ലിജിന്‍ ലാല്‍ മല്‍സരിച്ചിരുന്നു.
സമദൂരമെന്ന് എന്‍എസ്എസ്
പുതുപ്പള്ളിയില്‍ എന്‍എസ്എസ് സമദൂര നിലപാട് തുടരുമെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വ്യക്തമാക്കി. മിത്ത് വിവാദത്തില്‍ നിലപാടില്‍ മാറ്റമില്ല,എന്നാല്‍ ഇതിനെ തിരഞ്ഞെടുപ്പുമായി കൂട്ടിക്കുഴയ് ക്കേണ്ടതില്ല. സ്പീക്കര്‍ ഷംസീര്‍ മാപ്പുപറയണമെന്ന കാര്യത്തില്‍ മാറ്റമൊന്നുമില്ല. പ്രതിഷേധപരിപാടികളുമായി മുന്നോട്ടുപോകും. സുകുമാരന്‍ നായര്‍ പറഞ്ഞു.
എന്‍എസ്എസ് ഉള്‍പ്പെടെ ആരുമായും സിപിഎമ്മിനു പ്രശ്നമില്ലെന്നും ആരെയും ശത്രുപക്ഷത്ത് നിര്‍ത്താറുമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. സമുദായ അംഗങ്ങളുടെയെല്ലാം വോട്ട് സമുദായ നേതാക്കളുടെ കയ്യിലാണെന്ന തെറ്റിദ്ധാരണ പാര്‍ട്ടിക്കില്ല. എന്നാല്‍ അവരുടെ കയ്യിലും വോട്ട് ഉണ്ട്. എന്‍എസ്എസിന്റെ സമദൂരം പലപ്പോഴും സമദൂരമാകാറില്ല.പുതുപ്പള്ളിയില്‍ സമദൂരമായിരിക്കുമെന്ന് പറഞ്ഞത് നല്ലത്. മിത്ത് വിവാദത്തില്‍ ഇനിയൊരു വര്‍ത്തമാനത്തിന്റെ ആവശ്യമില്ല- ഗോവിന്ദന്‍ പറഞ്ഞു.
മാസപ്പടിക്കാരുടെ സംസ്ഥാന സമ്മേളനമാണ് പുതുപ്പള്ളിയില്‍ നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. ഭരണ- പ്രതിപക്ഷം ഒരുമിച്ച് അഴിമതി നടത്തുന്നത് കേരളത്തില്‍ മാത്രമാണ്. പുതുപ്പള്ളി കേരളത്തിലെ ഏറ്റവും അവികസിത മണ്ഡലങ്ങളിലൊന്നാണ്. സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
ജെയ്ക് സി. തോമസ് ജാമ്യമെടുത്തു
2016ല്‍ കായംകുളം കട്ടച്ചിറ വെള്ളാപ്പള്ളി കോളജ് ഓഫ് എന്‍ജിനീയറിങ് അടിച്ചു തകര്‍ത്ത കേസില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക്. സി. തോമസ് കോടതിയില്‍ കീഴടങ്ങി ജാമ്യമെടുത്തു. കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതെ വന്നതിനാല്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.