
ബെംഗളൂരു: ബാംഗ്ലൂരിലെ അപ്പാര്‍ട്ടമെന്റിനുള്ളില്‍ മലയാളി യുവാവിനേയും ബംഗാളി യുവതിയേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പോലീസ്. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും ഒരുമിച്ച് താമസം തുടങ്ങി മൂന്നാം ദിവസം പെട്രോളൊഴിച്ച് തീകത്തിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇടുക്കി സ്വദേശിയായ അബില്‍ എബ്രാഹാമാണ് മരിച്ച മലയാളി യുവാവ്. പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന അബില്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയാണ് മരിച്ചത്.
29കാരനായ അബില്‍ ബാംഗ്ലൂരില്‍ നഴ്സിംഗ് റിക്രൂട്ട്മെന്റ് ഏജന്‍സി ഉടമയാണ്. കൊല്‍ക്കത്ത സ്വദേശിനി സൗമിനിദാസാണ് അബിലിനൊപ്പം മരിച്ച നിലയില്‍ കണ്ടെത്തിയ യുവതി. 20 വയസ്സുകാരിയായ സൗമിനി മാറത്തഹള്ളിയിലെ സ്വകാര്യ നഴ്സിംഗ് കോളേജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. സൗമിനി വിവാഹിതയും അബില്‍ അവിവാഹിതനുമാണ്. അബിലിന്റെ ഏജന്‍സി വഴിയാണ് ഇരുവരും തമ്മില്‍ പരിചയപ്പെടുന്നത്. ഇത് പിന്നീട് പ്രണയമാവുകയായിരുന്നു.
സൗമിനി ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു. അബിലുമായുള്ള പ്രണയം അറിഞ്ഞതിനു പിന്നാലെ സൗമിനിയുടെ ഭര്‍ത്താവ് ഇരുവരേയും വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യ. ഇരുവരുടെയും ഫോണ്‍ പരിശോധിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. കൊത്തന്നൂര്‍ ദൊഡ്ഡഗുബ്ബിയിലെ അപ്പാര്‍ട്‌മെന്റില്‍ നാലാം നിലയിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഞായറാഴ്ച ഉച്ചയോടെ ഇവരുടെ മുറിയില്‍ നിന്ന് പുക ഉയരുന്നത് അടുത്തു താമസിക്കുന്നവരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ഓടിക്കൂടിയ അയല്‍വാസികള്‍ ഫ്‌ലാറ്റിന്റെ വാതില്‍ തകര്‍ത്ത് ഇരുവരെയും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സൗമിനി സംഭവസ്ഥലത്തും അബില്‍ ആശുപത്രിയില്‍ വച്ചും മരണപ്പെടുകയായിരുന്നു.