‘ലിവിങ് ടുഗദര്‍’ റിലേഷനിലുള്ള സ്ത്രീക്ക് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 498 (എ) വകുപ്പിന്റെ സംരക്ഷണം ലഭിക്കില്ലെന്ന് ഹൈക്കോടതി

കൊച്ചി: ‘ലിവിങ് ടുഗദര്‍’ റിലേഷനിലുള്ള സ്ത്രീക്ക് ഭര്‍ത്താവിന്റെയോ ഭര്‍ത്താവിന്റെ ബന്ധുക്കളുടെയോ ക്രൂരതക്കെതിരെയുള്ള ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 498 (എ) വകുപ്പിന്റെ സംരക്ഷണം ലഭിക്കില്ലെന്ന് ഹൈക്കോടതി. ഭാര്യയ്ക്കെതിരെയുള്ള ക്രൂരത എന്ന കുറ്റം നിലനില്‍ക്കണമെങ്കില്‍ സാധുതയുള്ള വിവാഹം ആവശ്യമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഒരുമിച്ചു ജീവിക്കുന്നതിനിടെ യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനെ ശിക്ഷിച്ച വിചാരണക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

1997 സെപ്റ്റംബര്‍ ഒന്നിന് പരസ്പര ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ ഒരുമിച്ചു ജീവിതമാരംഭിച്ച നാരായണനും പങ്കാളിയും നിയമപ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നില്ല. മൂന്ന് മാസത്തിനു ശേഷം യുവതി യുവതി മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവതി ഡിസംബര്‍ 29നു മരിച്ചു. ഈ കേസ് പരിഗണിച്ച പാലക്കാട് സെഷന്‍സ് കോടതി നാരായണന്‍, സഹോദരന്‍ രാധാകൃഷ്ണന്‍ എന്നിവരെയും ഇവരുടെ മാതാപിതാക്കളെയും തടവു ശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഈ കേസാണ് ഹൈക്കോടതി റദ്ദാക്കിയത്.

ഭാര്യയ്ക്കെതിരെയുള്ള ക്രൂരത എന്ന കുറ്റം നിലനില്‍ക്കണമെങ്കില്‍ സാധുതയുള്ള വിവാഹം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്. ഒരുമിച്ചു ജീവിക്കാമെന്നു പരസ്പരം ഉടമ്പടിയുണ്ടാക്കി ജീവിക്കുന്നവരെ ഭാര്യാ ഭര്‍ത്താക്കന്മാരായി കാണാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് സോഫി തോമസാണ് വിധി പുറപ്പെടുവിച്ചത്.

More Stories from this section

family-dental
witywide