ലോകമെങ്ങുമുള്ള മലയാളികൾക്ക് പുതുവൽസര സമ്മാനമായി കെ സ്മാർട് പദ്ധതി; തദ്ദേശ സ്ഥാപനങ്ങളുടെ എല്ലാ സേവനങ്ങളും ഇനി ഓൺലൈൻ

അമേരിക്കയിലോ യുകെയിലോ ഗൾഫിലോ എന്നു വേണ്ട നിങ്ങൾ ലോകത്ത് എവിടെയുള്ള മലയാളിയാണെങ്കിലും ഇനി മുതൽ നിങ്ങളുടെ കയ്യിലെ മൊബൈൽ ഫോണിലെ ഒരു ക്ലിക്കിന് അപ്പുറം കേരള സംസ്ഥാന തദ്ദേശ വകുപ്പിന്റെ എല്ലാ സേവനങ്ങളും സെക്കൻഡുകൾക്കുള്ളിൽ ലഭിക്കും. ഒരു ഓഫിസിലും കയറി ഇറങ്ങേണ്ട, ആരുടേയും കാലും പിടിക്കേണ്ട. ജനന- മരണ – വിവാഹ റജിസ്ട്രേഷൻ ഇനി മുതൽ ഓൺലൈനായി മാത്രമാണ് ചെയ്യേണ്ടത്. തദ്ദേശ സ്ഥാപനങ്ങളുടെ എല്ലാ സേവനങ്ങളും ഓൺലൈനായി നൽകുന്ന K SMART (Kerala Solutions for Managing Administrative Reformation and Transformation) പദ്ധതിയുടെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിൽ നിർവഹിക്കും.

പ്രവാസികളെ സംബന്ധിച്ച് ഏറ്റവും സന്തോഷകരമായ കാര്യം അവരുടെ വിവാഹ സർട്ടിഫിക്കറ്റ് ലഭിക്കാൻ ഇനി ഇല്ലാത്ത സമയം ഉണ്ടാക്കി ഓഫിസുകൾ കയറി ഇറങ്ങേണ്ട എന്നതാണ്. വധുവും വരനും ലോകത്ത് എവിടെയായിരുന്നാലും വിഡിയോ കോൾ വഴി സന്നിഹിതരായാൽ മതി. ആവശ്യമായ മറ്റ് രേഖകൾ ഓൺലൈനായി സബ്മിറ്റ് ചെയ്യുക ഇ കെവൈസി സംവിധാനം വഴി ബന്ധപ്പെട്ട ഓഫിസറുടെ മുന്നിൽ ഹാജരാകുക . സർട്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്തെടുക്കാം.

അങ്ങേയറ്റം സുതാര്യവും അഴിമതി രഹിതവും ഒപ്പം അതിവേഗത്തിലുമുള്ള സേവനം ലഭിക്കുന്ന കെ സ്മാർട്ട് ആപ് പൊതു ജന സേവന രംഗത്ത് വിപ്ളവം തന്നെ കൊണ്ടു വരുമെന്ന് മന്ത്രി എം.ബി. രാജേഷ് എൻആർഐ റിപ്പോർട്ടറോട് പറഞ്ഞു. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു സംവിധാനം നിലവിൽ വരുന്നതെന്നും മറ്റു പല സംസ്ഥാനങ്ങളും ഇതിൻ്റെ പ്രവർത്തനം സംബന്ധിച്ച് കേരളത്തോട് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ആദ്യഘട്ടമായി കേരളത്തിലെ 93 നഗരസഭകളിൽ ജനുവരി ഒന്നു മുതൽ സേവനങ്ങൾ നൽകും. ഏപ്രിൽ ഒന്നു മുതൽ 941 പഞ്ചായത്തുകളിലും സേവനം ലഭ്യമാകും. ജനന- മരണ – വിവാഹ റജിസ്ട്രേഷനുകൾക്ക് പുറമെ ബിൽഡിങ് പെർമിറ്റ് , വ്യാപാര വ്യവസായ ലൈസൻസ് തുടങ്ങിയവയെല്ലാം ഓൺലൈനായാണ് ഇനി ലഭിക്കുക. അപേക്ഷ സബ്മിറ്റ് ചെയ്യേണ്ടതിനാവശ്യമായ വിവരങ്ങളും രേഖകളും കൃത്യമായി നൽകിയാൽ സെക്കൻഡുകൾക്കുള്ളിൽ സർട്ടിഫിക്കറ്റ് ലഭിക്കും. 300 സ്വയർ മീറ്ററിൽ കുറവുള്ള കെട്ടിടങ്ങളുടെ പെർമിറ്റിന് ഫീൽഡ് പരിശോധന ആവശ്യമില്ല. GIS സാങ്കേതിക വിദ്യ ഉപയോഗിച്ച് കെട്ടിടങ്ങളുടേയും പ്ളോട്ടുകളുടേയും വിവരങ്ങൾ ഡിജിറ്റലായി ലഭ്യമാക്കുന്നതിനാൽ പെർമിറ്റുകൾ വേഗം ലഭിക്കും.

Know your Land എന്ന വിഭാഗത്തിൽ നിങ്ങളുടെ ഭൂമി സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭിക്കും. അവിടെ കെട്ടിടങ്ങൾ നിർമിക്കാമോ ഏതൊക്കെ മാനദണ്ഡങ്ങൾ പാലിക്കണം തുടങ്ങിയ വിവരങ്ങൾ അതുവഴി മനസ്സിലാക്കാം എന്നതിനാൽ അറിയാതെ സംഭവിക്കുന്ന നിയമലംഘനങ്ങൾ ഇനി ഉണ്ടാവുകയില്ല. പൂർണമായി ഓൺലൈനായി മാറുന്നതിനാൽ ഇനിമുതൽ മാനുവൽ സംവിധാനമില്ല. ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ പരിചയം പോരാത്തവർക്കായി തദ്ദേശസ്ഥാപനങ്ങളുടെ ഫ്രണ്ട് ഓഫിസിൽ ഹെൽപ് ഡെസ്ക് പ്രവർത്തിക്കും. ഇൻഫർമേഷൻ കേരള മിഷനാണ് ഈ സോഫ്റ്റ് വെയറും ആപ്പും വികസിപ്പിച്ചിരിക്കുന്നത്.

LSGD in Kerala introduces K Smart App for all its services

Also Read

More Stories from this section

family-dental
witywide