
റിയാദ്: കേരളത്തില്‍ വ്യവസായം തുടങ്ങുമ്പോഴുള്ള പ്രതിസന്ധികളെക്കുറിച്ച് പ്രമുഖ വ്യവസായി എംഎ യൂസഫലി. കേരളത്തില്‍ എന്തെങ്കിലും ബിസിനസ് സംരംഭം തുടങ്ങാന്‍ ശ്രമിച്ചാല്‍ നൂറു കുറ്റങ്ങളായിരിക്കുമെന്ന് യൂസഫലി പറഞ്ഞു. കേരളത്തില്‍ ഒരു ഷോപ്പിംഗ് മാള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചാല്‍ അതിന്റെ പേരില്‍ നൂറു കേസുകളുണ്ടാകും. എന്തെങ്കിലുമൊരു ബിസിനസ് സംരംഭം തുടങ്ങാന്‍ തീരുമാനിച്ചാല്‍ അതിനെതിരെ പിന്നെ കുറ്റങ്ങളും താഴ്ത്തിക്കെട്ടലുകളുമാണ്. കേരളത്തില്‍ മാത്രമാണ് ഇങ്ങനെയുള്ളതെന്നും യൂസഫലി പറഞ്ഞു.
എന്നാല്‍ അതിന്റെ പേരില്‍ കേരളത്തില്‍ നിന്ന് താന്‍ ഓടിപ്പോയിട്ടില്ലെന്നും എംഎ യൂസഫലി പറഞ്ഞു. അത് നമ്മുടെ നാടാണല്ലോ. കേരളത്തിലുള്ളവര്‍ക്ക് ജോലി കൊടുക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. സാന്ദര്‍ഭികമായി പറഞ്ഞെന്നേയുള്ളൂവെന്നും യൂസഫലി പറഞ്ഞു. കേരളത്തില്‍ ഫിഷ് പ്രൊസ്സസിങ്, ഫുഡ് പ്രൊസ്സസിങ് എന്നിവ തുടങ്ങിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ പച്ചക്കറികളും പഴങ്ങളും കയറ്റുമതി ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് 8000 കോടി രൂപയുടെ കയറ്റുമതി ലുലു ചെയ്യുന്നുണ്ടൈന്നും യൂസഫലി പറഞ്ഞു.
അതേസമയം കേരളത്തില്‍ നിന്ന് വളരെ വ്യത്യസ്തമാണ് സൗദിയിലെ ബിസിനസ് സാഹചര്യമെന്നും യൂസഫലി പറഞ്ഞു. സംരംഭം തുടങ്ങുന്നതിനുള്ള എല്ലാ സൗകര്യങ്ങളും സൗദി അറേബ്യയിലെ ഭരണകൂടം ചെയ്തു തരുന്നുണ്ടെന്നും എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ പറയണമെന്ന് കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സൂചിപ്പിച്ചിരുന്നുവെന്നും യൂസഫലി പറഞ്ഞു. സൗദി ഊന്നല്‍ നല്‍കുന്നത് ടൂറിസം മേഖലയ്ക്കാണ്. അതോടൊപ്പം എല്ലാ മേഖലയിലും സൗദി പുരോഗതിയിലേക്ക് കുതിക്കുകയാണ്.
ഏറ്റവും വലിയ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് മക്കയില്‍ മൂന്നു മാസത്തിനകം ആരംഭിക്കും. കുബ പള്ളിക്ക് സമീപം മദീനയിലും തുടങ്ങും. യാമ്പുവിലും പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് വരികയാണ്. ലുലു വിപുലീകരണം കൊവിഡ് കാരണം രണ്ടര വര്‍ഷത്തോളം വൈകി. എങ്കിലും പഴയ പദ്ധതി അതിവേഗം നടപ്പാക്കുകയാണെന്നും യൂസഫലി പറഞ്ഞു. നിലവില്‍ സൗദിയില്‍ 57 ലുലു ഹൈപ്പര്‍-സൂപ്പര്‍ മാര്‍ക്കറ്റുകളുണ്ട്. 100 തികക്കാനുള്ള ശ്രമമാണ്. 3000 ഇന്ത്യക്കാര്‍ സൗദിയിലെ ലുലുവില്‍ ജോലി ചെയ്യുന്നു. ഇതില്‍ 2700ലധികം മലയാളികളാണ്. 3000 സൗദി പൗരന്മാരുണ്ട്. ഇതില്‍ 1200 സ്ത്രീകളാണെന്നും യൂസഫലി പറഞ്ഞു.