ആഢംബരം ഒട്ടും കുറച്ചിട്ടില്ല; നവകേരള സദസ്സിനുള്ള ബസ് കേരളത്തിലേക്ക് പുറപ്പെട്ടു, മുഖ്യമന്ത്രിക്ക് പ്രത്യേക കാബിൻ ഒഴിവാക്കി

തിരുവനന്തപുരം: ഏറെ വിവാദങ്ങൾക്കൊടുവിൽ നവകേരള സദസ്സിനായി മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കുമായുള്ള ആഢംബര ബസ് ബെംഗളൂരുവിലെ ലാല്‍ബാഗിലെ ബസ് ബോഡി നിര്‍മിക്കുന്ന സ്വകാര്യ കമ്പനിയുടെ ഓഫീസില്‍ നിന്ന് ഇന്ന് വൈകിട്ട് 6.30ഓടെ കേരളത്തിലേക്ക് പുറപ്പെട്ടു. നാളെ നവകേരള സദസ്സ് ആരംഭിക്കുന്ന കാസര്‍ഗോഡേക്കാണ് ബസ് എത്തിക്കുക. ബസ് പുലര്‍ച്ചെ തന്നെ കാസര്‍ഗോഡ് എത്തും.

ആഢംബര ബസ് വാങ്ങാൻ കഴിഞ്ഞ ദിവസമാണ് ഒരു കോടി അഞ്ച് ലക്ഷം രൂപ അനുവദിച്ചത്. 1 കോടി അഞ്ച് ലക്ഷം ഷാസിക്ക് പുറത്തുള്ള തുകയാണെന്നും കേൾക്കുന്നു. ബെന്‍സിന്‍റെ ഷാസിക്ക് മാത്രം 35 ലക്ഷം വേറെ ഉണ്ടെന്നും വിവരമുണ്ട്. എസ് എം കണ്ണപ്പയുടെ മാണ്ഡ്യയിലെ ഫാക്ടറിയിലാണ് ബസിന്‍റെ ബോഡി നിര്‍മിച്ചിരിക്കുന്നത്.

അതേസമയം, ബസിൽ നിന്ന് മുഖ്യമന്ത്രിക്കുള്ള പ്രത്യേക കാബിൻ ഒഴിവാക്കി. സർക്കാർ ആവശ്യപ്പെട്ട പ്രകാരമാണ് കാബിൻ ഒഴിവാക്കിയത്. ബെംഗളൂരുവിലെ എസ്.എം കണ്ണപ്പ ഓട്ടോമൊബൈല്‍സ് പ്രൈവറ്റ് ലിമിറ്റഡ് (പ്രകാശ്) ആണ് അത്യാധുനിക സൗകര്യങ്ങളുള്ള ബസിന്‍റെ ബോഡി നിര്‍മിച്ചത്. കറുപ്പു നിറത്തില്‍ ഗോള്‍ഡന്‍ വരകളോടെയുള്ള ഡിസൈനാണ് ബസ്സിന് നല്‍കിയിരിക്കുന്നത്.

കേരളത്തിന്‍റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന തരത്തിലുള്ള സ്റ്റിക്കറുകളാണ് ബസിന് പുറത്ത് ഒട്ടിച്ചിരിക്കുന്നത്. തെയ്യം, വടക്കുംനാഥ ക്ഷേത്രം, ബേക്കൽ കോട്ട, ആലപ്പുഴ ഹൌസ് ബോട്ട് തുടങ്ങിയ പ്രശസ്തമായ സ്ഥലങ്ങളുടെ ചിത്രങ്ങളും ഇതിൽ ഉള്‍പ്പെടും. ബസിന് പുറത്ത് കേരളം ദൈവത്തിന്‍റെ സ്വന്തം നാട് എന്ന കേരള ടൂറിസത്തിന്‍റെ ടാഗ് ലൈനും ഇംഗ്ലീഷില്‍ നല്‍കിയിട്ടുണ്ട്.

ബയോ ടോയ്ലെറ്റ്, ഫ്രിഡ്ജ്, ഡ്രൈവർക്ക് അടുത്ത് മുഖ്യമന്ത്രിക്ക് ജനങ്ങളെ അഭിമുഖീകരിക്കാൻ സ്പോട് ലൈറ്റുള്ള സ്പെഷ്യൽ ഏരിയ തുടങ്ങിയവയാണ് ബസ്സിലുള്ളതെന്നാണ് വിവരം. ബസിനകത്ത് മുഖ്യമന്ത്രിക്കായി 360 ഡിഗ്രി കറങ്ങുന്ന കസേര, ബാത്ത് റൂം, മിനി കിച്ചൺ എന്നിവയും ഒരുക്കിയിട്ടുണ്ട്. ബസിനകത്തേക്ക് പ്രവേശിക്കാൻ എലവേറ്റർ സംവിധാനവും ഒരുക്കിയിട്ടുണ്ട്.

More Stories from this section

family-dental
witywide