തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ മാധ്യമങ്ങളോട് കൊമ്പുകോര്‍ക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ആരോ പറഞ്ഞ ഒരു കാര്യം ഉയര്‍ത്തിപ്പിടിച്ച് മുഖ്യമന്ത്രിയോടും കുടുംബത്തോടും ഉള്ള വൈരാഗ്യം വെച്ച് ചിലര്‍ കളിക്കുകയാണെന്ന് ഗോവിന്ദന്‍ ആരോപിച്ചു
രണ്ട് കമ്പനികള്‍ തമ്മില്‍ നിയമപരമായി ഉണ്ടാക്കിയ കരാറാണ് മാധ്യമങ്ങള്‍ വിവാദമാക്കുന്നത്. കരാറിന്‍റെ ഭാഗമായി പണമിടപാടുകള്‍ നടന്നിട്ടുണ്ടാകും. അതിനുള്ള നികുതിയും അടച്ചിട്ടുണ്ട്. സുതാര്യമായ ഒരു ഇടപാടിന്‍റെ പേരില്‍ പാര്‍ടിയെയും സര്‍ക്കാരിനെയും ആക്രമിക്കാനാണ് ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു
അതേസമയം എന്ത് സേവനമാണ് പിണറായി വിജയന്‍റെ മകള്‍ വീണയുടെ കമ്പനി കരാറുണ്ടാക്കിയ കമ്പനിക്ക് നല്‍കിയതെന്ന് ചോദ്യത്തിന് എം.വി.ഗോവിന്ദന്‍ ഒഴിഞ്ഞുമാറി. സേവനം എന്തെന്ന് എനിക്കും നിങ്ങള്‍ക്കും അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതേകുറിച്ചുള്ള ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് മാധ്യങ്ങളോട് എം.വി.ഗോവിന്ദന്‍ ക്ഷുഭിതനായി.
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് മാസപ്പടിയായി മൂന്ന് വര്‍ഷത്തിനിടയില്‍ 1.72 കോടി രൂപ ലഭിച്ചു എന്ന റിപ്പോര്‍ട്ടാണ് കേരളത്തില്‍ വലിയ രാഷ്ട്രീയ വിവാദമായി തുടരുന്നത്. ഇതേ കമ്പനിയില്‍ നിന്ന് കേരളത്തിലെ മറ്റ് പ്രധാന രാഷ്ട്രീയ നേതാക്കളും പണം വാങ്ങിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. വിഷയത്തില്‍ പ്രതിരോധത്തിലാണ് സിപിഎമ്മും ഒപ്പം കോണ്‍ഗ്രസും.