മുംബൈ: പൂനെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ തലപ്പത്ത് ഇനി അദ്ധ്യക്ഷനായി നടന്‍ മാധവന്‍. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാനായും മാധവനെ കേന്ദ്രം നിയമിച്ചു. പ്രശസ്ത സംവിധായകന്‍ ശേഖര്‍ കപൂറിന് പകരമാണ് മാധവനെ ആ സ്ഥാനത്തേക്ക് കൊണ്ടുവന്നത്. കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറാണ് നിയമനം സംബന്ധിച്ച വിവരം അറിയിച്ചത്.
പ്രസിദ്ധമായ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്ന നടന്‍ മാധവന് അഭിനന്ദനങ്ങള്‍ എന്നായിരുന്നു മന്ത്രിയുടെ ട്വിറ്റര്‍ പോസ്റ്റ്. താങ്കളുടെ വിപുലമായ അനുഭവ സമ്പത്തും ശക്തമായ ധാര്‍മ്മികതയും ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിനെ സമ്പന്നമാക്കുമെന്നും നല്ല മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും ഉയര്‍ന്ന തലത്തിലേക്ക് കൊണ്ടുപോകുമെന്നും ഉറപ്പുണ്ട് എന്നായിരുന്നു ആശംസാ സന്ദേശത്തില്‍ അനുരാഗ് ഠാക്കൂര്‍ കുറിച്ചത്.
പ്രതീക്ഷക്കൊത്ത് ഉയരാന്‍ പരമാവധി ശ്രമിക്കുമെന്ന് കേന്ദ്ര മന്ത്രിയുടെ പോസ്റ്റിന് നടന്‍ മാധവന്‍ മറുപടി നല്‍കി. എല്ലാ പ്രതീക്ഷകള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നിരവധി തമിഴ്, ഹിന്ദി ചിത്രങ്ങളില്‍ മാധവന്‍ അഭിനയിച്ചിട്ടുണ്ട്. ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ പീഡപ്പിക്കപ്പെട്ട നമ്പി നാരായണന്റെ കഥ പറയുന്ന റോക്കട്രി ദി നമ്പി ഇഫക്ട് എന്ന ചിത്രം ദേശീയ പുരസ്കാരത്തിന് അര്‍ഹമായിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്തേക്കുള്ള നിയമനം.
Actor Madhavan has been appointed as the President of Pune Film Institute by the central government