ഹരിയാനയില്‍ വീണ്ടും വിഎച്ച്പി ജാഥയ്ക്ക് ആഹ്വാനം

ഗുരുഗ്രാം : വര്‍ഗീയ സംഘര്‍ഷമുണ്ടായ ഹരിയാനയിലെ നൂഹില്‍ വിശ്വഹിന്ദു പരിഷത്തിന്റെ ജാഥ വീണ്ടും നടത്താന്‍ ആഹ്വാനം. പല്‍വലിലെ ഗ്രാമത്തില്‍ ചേര്‍ന്ന ഹിന്ദു മഹാപഞ്ചായത്താണ് 28 മുതല്‍ ബ്രജ് മണ്ഡല്‍ യാത്ര തുടരുമെന്ന്പ്രഖ്യാപിച്ചത്. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തില്ലെന്ന ഉറപ്പിലാണ് യോഗത്തിന് അനുമതി നല്‍കിയതെങ്കിലും ആയുധമെടുത്ത് പോരാടാനുള്ള ആഹ്വാനവും വെല്ലുവിളികളും വിദ്വേഷപ്രസംഗവും നിറഞ്ഞതായിമാറി യോഗം. ഏതാണ്ട് ആയിരത്തിലധികം ആളുകള്‍ പങ്കെടുത്ത യോഗം സംഘടിപ്പിച്ചത് സര്‍വ ഹിന്ദു സമാജ് എന്ന സംഘടനയുടെ പേരിലാണ്. വിഎച്ച്പിക്കും ബജ്റങ്ദളിനും പരിപാടി നടത്താന്‍ പൊലീസ് അനുമതി നിഷേധിച്ചിരുന്നു.

നേരത്തെ ഗുരുഗ്രാമില്‍ സമാനമായ ഒരു യോഗം സംഘടിപ്പിച്ചിരുന്നു. അതില്‍ ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ട കച്ചവടക്കാരെ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന വിദ്വേഷപ്രസംഗങ്ങള്‍ നടത്തിയത് വിവാദമായിരുന്നു. അന്നു നടത്തിയ വിദ്വേഷപ്രസംഗത്തിന് പ്രതിചേര്‍ക്കപ്പെട്ട കുല്‍ഭൂഷണ്‍ ഭരദ്വാജ് എന്ന അഭിഭാഷകന്‍ വീണ്ടും വിദ്വേഷപ്രസംഗവുമായി രംഗത്ത് വന്നു. ഭരണസംവിധാനത്തെ മുഴുവന്‍ വെല്ലുവിളിക്കുകയും പ്രതികരികരിക്കാന്‍ യുവാക്കളെ ആഹ്വാനം ചെയ്യുകയും ചെയ്തു. ഗോരക്ഷക് ദളിതിന്റെ നേതാവ് ആചാര്യ അസദ് ശാസ്ത്രി ആയുധമെടുക്കാനും ആഹ്വാനം ചെയ്തു.

കഴിഞ്ഞ 31ന് വിഎച്ച്പി നടത്തിയ ബ്രജ് മണ്ഡല്‍ ജലാഭിഷേക യാത്രയ്ക്കിടെ ഉണ്ടായ അക്രമത്തില്‍ 2 സുരക്ഷാ ഉദ്യോഗസ്ഥരും ഒരു പള്ളി ഇമാമും അടക്കം 6 പേരാണ് മരിച്ചത്.

More Stories from this section

family-dental
witywide