ഔറംഗാബാദ് ഇനി ഛത്രപതി സംഭാജി നഗർ; സ്ഥലങ്ങളുടെ പേരുമാറ്റി മഹാരാഷ്ട്ര സർക്കാർ, വിജ്ഞാപനമായി

മുംബൈ: ഔറംഗബാദിന്റെയും ഉസ്‌മാനാബാദിന്റെയും പേ​രു​​മാ​റ്റി മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. ഔറംഗാബാദിന്റെ പേര് ഛത്രപതി സംഭാജി നഗർ എന്നും ഉസ്‌മാനാബാദിന്റെ പേര് ധാരാശിവ് എന്നുമാണ് മാറ്റിയത്. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പേരുമാറ്റം സംബന്ധിച്ച് ഉത്തരവിറക്കാൻ നിർദേശിച്ചത്.

മുൻപ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സർക്കാരിന്റെ അവസാന മന്ത്രിസഭാ യോഗത്തിൽ രണ്ടു ജില്ലകളുടെയും പേരുമാറ്റാനായി തീരുമാനമെടുത്തിരുന്നു. ഇതു പിന്നീടെത്തിയ ഷിൻഡെ സർക്കാരും തിരുത്താൻ തയാറായില്ല. എന്നാൽ തീരുമാനത്തെ എതിർത്ത് ഹൈക്കോടതിയിൽ ഹർജി വന്നതോടെ തീരുമാനം നീണ്ടു. അടുത്തിടെ ഹർജി കോടതി തള്ളിയതോടെയാണ് പേരുമാറ്റ നടപടികൾ വീണ്ടും തുടങ്ങിയത്.

1681 മുതൽ 1689 വരെ മറാത്ത രാജവംശത്തിലെ രാജാവായിരുന്നു സംഭാജി. ശിവാജിക്കു ശേഷം ആ രാജവംശത്തിലെ രണ്ടാമത്തെ ഛത്രപതി സംഭാജിയുടെ കാലത്താണ് മുഗൾ രാജവംശവുമായുള്ള മറാത്തകളുടെ പോരാട്ടം ശക്തമായത്. 1687ലെ പോരാട്ടത്തില്‍ മുഗളന്മാര്‍ മറാത്ത രാജവംശത്തിനുമേൽ വ്യക്തമായ ആധിപത്യം സ്ഥാപിച്ചു. സൈന്യം ശിഥിലമായി. 1689ൽ ഒറ്റു കൊടുക്കപ്പെട്ട സംഭാജി മുഗളന്മാരുടെ പിടിയിലായി. സംഭാജിയെ വിധിക്കാൻ നിർദേശം നൽകിയ ഔറംഗസേബാണ് നഗരത്തിന് ഔറംഗാബാദ് എന്ന പേര് നൽകിയത്. ഔറംഗാബാദിന് സംഭാജിയുടെ പേരു നൽകണമെന്നത് ശിവസേനയുടെ വളരെക്കാലത്തെ ആവശ്യമായിരുന്നു.