
ന്യൂഡല്‍ഹി: ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ എത്തിക്‌സ് കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ലോക്‌സഭയില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതികരിച്ച് മഹുവ മൊയ്ത്ര. എനിക്കെതിരായ നടപടി കമ്മിറ്റിയുടെ അധികാരത്തിന് പുറത്താണ്. ഇത് നിങ്ങളുടെ അവസാനത്തിന്റെ തുടക്കമാണ്. ശക്തമായി തിരിച്ചുവരുമെന്നും നിങ്ങളുടെ അവസാനം കാണുമെന്നും മഹുവ പറഞ്ഞു. ഒപ്പം നിന്ന ഇന്‍ഡ്യ മുന്നണിക്ക് മഹുവ മൊയ്ത്ര നന്ദി രേഖപ്പെടുത്തി.
‘എന്നെ പുറത്താക്കാന്‍ എത്തിക്‌സ് കമ്മിറ്റിക്ക് അധികാരമില്ല. തെളിവുകളില്ലാതെയാണ് കങ്കാരു കോടതി എനിക്കെതിരെ നടപടി എടുത്തത്. എനിക്ക് ഇപ്പോള്‍ 49 വയസ് ആണ്. അടുത്ത മുപ്പത് വര്‍ഷവും പാര്‍ലമെന്റിലും പുറത്തും തെരുവിലും പോരാട്ടം തുടരും. അദാനിയുടെ 30,000 കോടി അഴിമതിക്കെതിരെ എന്തു നടപടിയാണ് സിബിഐ എടുത്തത്?
ഡാനിഷ് അലിക്കെതിരായ രമേഷ് ബിധൂരിയുടെ പരാമര്‍ശത്തില്‍ നടപടികളൊന്നുമെടുത്തില്ല. എന്നെ പുറത്താക്കാന്‍ ഈ കങ്കാരു കോടതി കാണിച്ച ധൃതിയും നടപടിക്രമങ്ങളുടെ ദുരുപയോഗവും നിങ്ങള്‍ക്ക് അദാനി എത്ര വേണ്ടപ്പെട്ടവനാണെന്ന് രാജ്യത്തിന് കാണിച്ചുകൊടുത്തു. ‘ഒരു വനിത എംപിയെ നിശബ്ദയാക്കാന്‍ നിങ്ങള്‍ ഏതറ്റം വരെ പോകുമെന്ന് നടപടികള്‍ വ്യക്തമാക്കുന്നു.
നാളെ എന്റെ വീട്ടിലേക്ക് സിബിഐയെ പറഞ്ഞയക്കുമെന്ന് ഉറപ്പാണ്. അടുത്ത ആറുമാസം എന്നെ ദ്രോഹിക്കുന്നത് തുടരും. ബിജെപി ന്യൂനപക്ഷത്തെയും സ്ത്രീകളെയും വെറുക്കുന്നു. എനിക്കെതിരായ നടപടി കമ്മിറ്റിയുടെ അധികാരത്തിന് പുറത്താണ്. ഇത് നിങ്ങളുടെ അവസാനത്തിന്റെ തുടക്കമാണ്. തിരിച്ചുവരും, നിങ്ങളുടെ അവസാനം കാണുമെന്നും മഹുവ മൊയ്ത്ര മാധ്യമങ്ങളോട് പറഞ്ഞു.
പാര്‍ലമെന്റില്‍ ചര്‍ച്ചയ്‌ക്കൊടുവില്‍ മഹുവയെ പുറത്താക്കാനുള്ള പ്രമേയം ശബ്ദവോട്ടോടെയാണ് ലോക്‌സഭ പാസ്സാക്കിയത്. പ്രമേയവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയില്‍ മഹുവയ്ക്ക് സംസാരിക്കാനുള്ള അനുമതി നിഷേധിക്കുകയും ചെയ്തു. നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമെന്ന ഗുരുതര പരാമര്‍ശങ്ങളോടെയാണ് എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് സഭയുടെ പരിഗണനയ്ക്ക് വന്നത്.