ഇന്ത്യയിലെ ഭൂരിഭാഗം മുസ്ലീങ്ങളും ഹിന്ദുമതത്തിൽനിന്ന് പരിവർത്തനം ചെയ്തവർ: ഗുലാംനബി ആസാദ്

ശ്രീനഗർ: ഇന്ത്യയിലെ ഭൂരിഭാഗം മുസ്ലീങ്ങളും ഹിന്ദുമതത്തിൽനിന്ന് പരിവർത്തനം ചെയ്തവരാണെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഗുലാംനബി ആസാദ്. കശ്മീർ താഴ്‌വരയിൽ ഭൂരിഭാഗം കശ്മീരി പണ്ഡിറ്റുകളും ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്തത് ഇതിന്റെ ഉദാഹരണമാണെന്ന് ഗുലാംനബി ആസാദ് പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി മതത്തെ ഉപയോഗപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.

‘‘കുറച്ചു മുസ്ലീങ്ങൾ പുറത്തു നിന്നും വന്നവരും കുറച്ചുപേർ ഇവിടെയുള്ളവരുമാണെന്നാണ് ചില ബിജെപി നേതാക്കള്‍ പറയുന്നത്. ആരും അകത്തു നിന്നോ പുറത്തുനിന്നോ വന്നവരല്ല. 1500 വർഷങ്ങൾക്കു മുൻപാണ് ഇസ്‌ലാം മതം നിലവിൽ വന്നത്. എന്നാൽ ഹിന്ദുമതം വളരെ പഴക്കമുള്ളതാണ്. ഇവരിൽ പത്തോ ഇരുപതോ പേർ പുറത്തു നിന്നു വന്നവരായിരിക്കും. ചിലർ മുഗൾ സൈന്യത്തിൽ ഉണ്ടായിരുന്നവരാണ്,’’ ഗുലാംനബി ആസാദ് ചൂണ്ടിക്കാട്ടി.

മതം രാഷ്ട്രീയത്തിൽ വോട്ട് ബാങ്ക് ആയി ഉപയോഗിക്കരുതെന്ന് പറഞ്ഞ അദ്ദേഹം, വോട്ടുചെയ്യുന്നത് ഹിന്ദുവിന്റെയും മുസ്ലീമിന്റേയും പേരിനെ അടിസ്ഥാനപ്പെടുത്തിയാകരുത് എന്നും അഭിപ്രായപ്പെട്ടു.

പരാമർശത്തെ ബിജെപി, ബജ്രംഗ് ദൾ, വിഎച്ച്പി, അടക്കമുള്ളവർ സ്വാഗതം ചെയ്തു. “അതിക്രമിച്ചു കുടിയേറിപ്പാർത്തവർ മതം പ്രചരിപ്പിക്കും മുമ്പ് തന്നെ ഹിന്ദു മതം പ്രചാരത്തിലുണ്ടായിരുന്നു,” മുതിർന്ന ബിജെപി നേതാവും കശ്മീർ മുൻ ഉപുഖ്യമന്ത്രിയുമായിരുന്ന കവിന്ദർ ഗുപ്ത പറഞ്ഞു.

എന്നാൽ എവിടെ നിന്നാണ് ഗുലാംനബി ആസാദിന് ഇത്തരത്തിൽ ഒരു വിവരം ലഭിച്ചതെന്ന് പി.ഡി.പി. പ്രസിഡന്റ് മെഹബൂബ മുഫ്തി ചോദിച്ചു.

“എത്രകാലം പിന്നോട്ടാണ് ഗുലാം നബി പോയത് എന്ന കാര്യം എനിക്കറിയില്ല. എന്ത് വിവരങ്ങളാണ് പൂർവികരെക്കുറിച്ച് അദ്ദേഹത്തിന്റെ പക്കലുള്ളതെന്നും. കുറച്ചുകാലം പിന്നോട്ട് പോയാൽ ചില കുരങ്ങന്മാരെ കാണാൻ സാധിക്കും, അവരിൽ പൂർവികരേയും,” മെഹബൂബ മുഫ്തി പറഞ്ഞു.

More Stories from this section

dental-431-x-127
witywide