
ഡല്‍ഹിയില്‍ മലയാളി വ്യവസായിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. തിരുവല്ല മേപ്രാല്‍ കൊലാത്ത് ഹൗസില്‍ പിപി സുജാതന്‍ ആണ് മരിച്ചത്. ദ്വാരക തിരുപ്പതി പബ്ലിക് സ്‌കൂളിന് സമീപം സുജാതന്‍ താമസിക്കുന്ന വീടിനു സമീപത്തെ പാര്‍ക്കില്‍ മരത്തില്‍ കെട്ടിത്തൂക്കിയ നിലയിലാണ് മൃതദേഹം കണ്ടത്. പ്രഭാത സവാരിക്കിറങ്ങിയവരാണ് സുജാതന്റെ മൃതദേഹം ആദ്യം കണ്ടത്. പിന്നീട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
മൃതദേഹത്തില്‍ ഒരുപാട് മുറിവുകളുണ്ടെന്ന് പോലീസ് പറഞ്ഞു. ധരിച്ചിരുന്ന ഷര്‍ട്ട് കീറിയാണ് മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കിയതെന്നും പോലീസ് പറഞ്ഞു. പേഴ്‌സും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഒന്‍പത് മണിയോടെ ബിസിനസ് ആവശ്യത്തിനായി ജയ്പൂരിലേക്ക് പോകാന്‍ സുജാതന് വീട്ടില്‍ നിന്നിറങ്ങിയിരുന്നു. എന്നാല്‍ രാവിലെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. എസ്എന്‍ഡിപി ദ്വാരക ശാഖാ സെക്രട്ടറി കൂടിയാണ് സുജാതന്‍. ഭാര്യ പ്രീതി. മക്കള്‍: അമല്‍, ശാന്തിപ്രീയ.