റിയാദിൽ സോഫ ഗോഡൗണിൽ തീപിടിച്ച് മലയാളി യുവാവ് മരിച്ചു

റിയാദ്: സോഫ നിര്‍മാണ ശാലയ്ക്ക് തീപിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം. റിയാദിലെ ഷിഫയില്‍ ചൊവ്വാഴ്ചയുണ്ടായ അപകടത്തില്‍ മലപ്പുറം നിലമ്പൂര്‍ വഴിക്കടവ് സ്വദേശി തോട്ടും കടവത്ത് അബ്ദുള്‍ ജിഷാര്‍ ആണ് മരിച്ചത്. 39 വയാസായിരുന്നു. രാവിലെ ഏഴുമണിയോടെയാണ് അപകടമുണ്ടായത്.

തൊട്ടടുത്ത ഗോഡൗണില്‍ തിപിടിത്തമുണ്ടാവുകയും ജിഷാര്‍ പണിയെടുത്തിരുന്ന സോഫാസെറ്റ് ഗോഡൗണിലേക്ക് തീപടര്‍ന്ന് പിടിക്കുകയുമായിരുന്നു. കടയിലുണ്ടായിരുന്ന ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. ഇതിനിടയില്‍ ജിഷാറിനോട് രക്ഷപ്പെടാന്‍ ഒപ്പമുണ്ടായിരുന്നവര്‍ വിളിച്ച് പറഞ്ഞെങ്കിലും അകലെ മാറിനിന്ന് ഫോണില്‍ സംസാരിക്കുകയായിരുന്ന ജിഷാര്‍ ഇത് കേട്ടിരുന്നില്ല.

സംഭവമുണ്ടായ ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സിന്റെ നേതൃത്വത്തില്‍ അഗ്നിശമന സേനയും പൊലീസുമെത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. ഉച്ചയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഇതിന് ശേഷമാണ് ജിഷാറിന്റെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ഷുമൈസി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ജിഷാര്‍ ദീര്‍ഘകാലമായി പ്രവാസിയാണ്. അടുത്തിടെയാണ് നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് എത്തിയത്. സാമൂഹിക പ്രവര്‍ത്തകനായ ഇദ്ദേഹം ഒ.ഐ.സി.സി അംഗമാണ്.

പിതാവ്: അബ്ദുറഹ്‌മാന്‍, മാതാവ്: മറിയുമ്മ, ഭാര്യ: സക്കീറ, മക്കള്‍: അഫീഫ, റൂബ, ആമിര്‍, അനു.