സൗദി പൗരനിൽ നിന്ന് 27 കോടി രൂപ തട്ടിയെടുത്ത് മലയാളി മുങ്ങി; പണം തിരികെ ചോദിച്ചപ്പോൾ ഭീഷണി

ജിദ്ദ: സൗദിയിൽ ബിസിനസ് പങ്കാളിയായിരുന്ന മലപ്പുറം സ്വദേശി തന്നെ വഞ്ചിച്ച് 27 കോടി രൂപ ബാധ്യത വരുത്തിവെച്ച് നാട്ടിലേക്ക് മുങ്ങിയതായി സൗദി പൗരന്റെ ആരോപണം. ജിദ്ദയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ജിദ്ദ അൽ റൗദയിൽ താമസക്കാരനായ ഇബ്രാഹീം മുഹമ്മദ് മുഹൈസ അൽ ഉതൈബി എന്ന സ്വദേശി പൗരൻ ആരോപണവുമായി രംഗത്ത് വന്നത്.

മലപ്പുറം ജില്ലയിലെ കോഴിക്കോട് യൂണിവേഴ്‌സിറ്റിക്ക് സമീപം പള്ളിക്കൽ ബസാർ സ്വദേശിയായ എരമകവീട്ടിൽ പുതിയകത്ത് ഷമീൽ (53) എന്നയാൾ 1,25,43,400 സൗദി റിയാൽ (27 കോടിയോളം രൂപ) തനിക്ക് ബാധ്യത വരുത്തിവച്ച് മുങ്ങിയതായി വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. സൗദി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയിൽ നിന്ന് നിക്ഷേപക ലൈസൻസ് നേടി ബിസിനസ് ആരംഭിച്ച ആദ്യകാല മലയാളികളിൽ ഒരാളായിരുന്നു ഷമീൽ.

തനിക്ക് ലഭിച്ച നിക്ഷേപക ലൈസൻസ് ഉപയോഗപ്പെടുത്തി വിവിധ ബിസിനസ് അവസരങ്ങൾ ചൂണ്ടിക്കാണിച്ച് ഷമീൽ സ്വദേശികളിൽ നിന്നും മലയാളികളിൽ നിന്നുമായി വലിയ സംഖ്യ നിക്ഷേപം നടത്തിയിരുന്നു. പ്ലാസ്റ്റിക് വസ്തുക്കളുടെ നിർമാണ കമ്പനി ഉൾപ്പെടെ ഷമീലിന്റെ ബിസിനസിൽ പങ്കാളിത്തമായി ആദ്യം 72 ലക്ഷം റിയാൽ കാശായി ഇബ്രാഹീം അൽ ഉതൈബി നൽകിയിരുന്നു. കൂടാതെ ബിസിനസ് ആവശ്യത്തിലേക്ക് സൗദിയിലെ ഒറാക്‌സ് ഫിനാൻസ് കമ്പനിയില്‍നിന്ന് ഷമീല്‍ വായ്പയും എടുത്തിരുന്നു. ഈ വായ്‌പ കൃത്യസമയത്ത് അടക്കാൻ സാധിക്കാതെ വന്നപ്പോൾ ഫിനാൻസ് കമ്പനി ഷമീലിനെതിരെ കേസ് നൽകുകയും അദ്ദേഹത്തിന് യാത്രാവിലക്ക് നേരിടേണ്ടി വരികയും ചെയ്തു.

ഫിനാൻസ് കമ്പനിയില്‍ നിന്നുള്ള ബാധ്യത തീർക്കാനും യാത്രാവിലക്ക് ഒഴിവായി കിട്ടാനും ഷമീൽ തന്നെ സമീപിച്ചതിന്റെ അടിസ്ഥാനത്തിൽ, നാട്ടിലെത്തിയ ശേഷം തന്റെ പേരിലുള്ള സ്വത്തുക്കൾ വിറ്റ് ഇബ്രാഹീം അൽ ഉതൈബിയുടെ എല്ലാ കടങ്ങളും താൻ വീട്ടിക്കൊള്ളാമെന്ന ഷമീലിന്റെ ഉറച്ച വാക്ക് പൂർണമായും വിശ്വാസത്തിലെടുത്ത് തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സൗദിയിലെ സ്ഥലം ജാമ്യം നൽകി ഫിനാൻസ് കമ്പനിയിൽ നിന്നുള്ള 53,43,400 റിയാൽ ബാധ്യത ഇബ്രാഹീം അൽ ഉതൈബി ഏറ്റെടുത്തു.

എന്നാൽ പിന്നീട് അയാൾ തിരിച്ചുവന്നില്ല. ഇതോടെ പണയത്തിലുള്ള തന്‍റെ സ്വത്തുക്കൾ കോടതി 5,343,400 റിയാലിന് ലേലത്തിൽ വിറ്റു. അനധികൃതമായി കൈക്കലാക്കിയ സ്വത്തും പണവും തിരിച്ചുനൽകണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഷമീൽ വഴങ്ങിയില്ല. ഇന്ത്യയിൽ തനിക്ക് ശക്തമായ രാഷ്ട്രീയ ബന്ധമുണ്ടെന്നും തന്നെ ഒന്നും ചെയ്യാനാകില്ലെന്നും ഇയാൾ വീരവാദം മുഴക്കുകയാണെന്നും ഇബ്രാഹീം മുഹമ്മദ് ആരോപിച്ചു. സൗദി പൗരൻമാരെ കബളിപ്പിക്കുന്നതിന് വേണ്ടിയാണ് ഷമീൽ സൗദിയിൽ എത്തിയതെന്നും ഇയാൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്‍റെ ഓഫീസിലടക്കം പരാതി നൽകിയിട്ടുണ്ടെന്നും ഇബ്രാഹീം മുഹമ്മദ് പറഞ്ഞു. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിലും പരാതി നൽകി.

ഇന്ത്യയും സൗദിയും തമ്മിലുള്ള എല്ലാ ബന്ധങ്ങൾക്കും വിള്ളലേൽപ്പിക്കുന്ന തരത്തിലുള്ള സാമ്പത്തിക തട്ടിപ്പാണ് ഷമീൽ നടത്തിയതെന്നും ഇതിന് ശേഷം തനിക്ക് ഇന്ത്യക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും ഇബ്രാഹീം മുഹമ്മദ് മുഹൈസ അൽ ഉതൈബി അറിയിച്ചു. ഇക്കാര്യത്തിൽ ഉടൻ ഒരു തീരുമാനം ഉണ്ടായില്ലെങ്കിൽ ഇന്ത്യൻ അധികാരികളുടെ മുമ്പിൽ പരാതി സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം.

More Stories from this section

family-dental
witywide