ഗ്ലോബൽ ഗേൾ ബാൻഡ് മത്സരത്തിന്റെ ഫൈനലിൽ മലയാളിത്തിളക്കം; എസ്രേലയ്ക്ക് വോട്ട് ചെയ്യാം

ആഗോള ഗേൾ മ്യൂസിക് ബാൻഡിന്റെ ഭാഗമാകാനുള്ള ശ്രമത്തിലാണ് ഓസ്‌ട്രേലിയയിൽ താമസിക്കുന്ന 20 വയസ്സുകാരി എസ്രേല എബ്രഹാം. HYBE x Geffen ഡ്രീം അക്കാദമി ഗ്ലോബൽ ഗേൾ ഗ്രൂപ്പ് മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എസ്രലേല മത്സരത്തിന്റെ അവസാന ഘട്ടത്തിലാണ്. ലോകമെമ്പാടുമുള്ള 18 പേരിൽ ഒരാളാണ് ഈ ഇരുപതുകാരി. എസ്രേലയുടെ മാതാപിതാക്കള്‍ കണ്ണൂർ, തിരുവല്ല സ്വദേശികളാണ്.

ഏകദേശം രണ്ട് വർഷമായി നടന്ന ഈ പ്രോഗ്രാമിന്റെ ആഗോള ഓഡിഷനിൽ 120,000-ത്തിലധികം പേർ പങ്കെടുത്തു. വിജയികളായവർക്ക് ലൊസാഞ്ചലസിൽ പരിശീലനം നൽകി. മൂന്ന് റൗണ്ടായാണ് ഫൈനല്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി നടന്ന മിഷൻ 1 ൽ 20 പെൺകുട്ടികൾ പങ്കെടുത്തെങ്കിലും മാസങ്ങൾ നീണ്ട പരിശീലനത്തിനും വോട്ടിങ്ങിനും ശേഷം രണ്ട് പെൺകുട്ടികള്‍ ഒഴിവാക്കപ്പെട്ടു.

‘ദ ടീം മിഷൻ’ എന്നറിയപ്പെടുന്ന ഫൈനലിന്റെ രണ്ടാംഘട്ടം കൊറിയയിലായിരിക്കും നടക്കുക. അവിടെ മത്സരാർഥികൾ ടീമുകളായി മത്സരിക്കുകയും കൂടുതൽ പേർ പുറത്താകുകയും ചെയ്യും. ഇതിന്റെ വോട്ടിങ് വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കും.

മിഷൻ 3, ‘ആർട്ടിസ്ട്രി’ തനതായ ആശയങ്ങൾ പുറത്തെടുക്കാനുള്ള മത്സരാർഥികളുടെ കഴിവ് പരിശോധിക്കും. നവംബർ 17-ന് നടക്കുന്ന തത്സമയ സമാപനത്തിൽ പുതിയ ആഗോള മ്യൂസിക് ഗ്രൂപ്പിനെ പ്രഖ്യാപിക്കും. 18 പേരിൻ നിന്നും ആറു പേരെയാണ് ആഗോള ഗേൾ മ്യൂസിക് ബാൻഡിലേക്ക് തിരഞ്ഞെടുക്കുക.

ലോകമെമ്പാടുമുള്ള ഇന്ത്യക്കാർക്ക്, എസ്രേലയ്ക്ക് വോട്ട് ചെയ്യാനുള്ള അവസരം പ്രയോജനപ്പെടുത്താം. എസ്രേലയെ പിന്തുണയ്ക്കുന്നതിന്, YouTube.com/@dreamacademyhq അല്ലെങ്കിൽ youtube.com/watch?v=H7h3bdRUqBo എന്നതിന് കീഴിൽ YouTube-ൽ പോസ്‌റ്റ് ചെയ്‌ത എസ്രേലയുടെ വിഡിയോകൾ ലൈക്ക് ചെയ്യുകയും ഫോളോ ചെയ്യുകയും ചെയ്യാം. വോട്ടിങ് തുടങ്ങിയാൽ എസ്രേലയ്ക്ക് വോട്ടുചെയ്യാനുള്ള നിർദ്ദേശങ്ങൾ പാലിക്കുക.10 YouTube ലൈക്കുകൾ ഒരു വോട്ടിന് തുല്യമാണ്.